അലഹാബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ രാജിവെച്ചു
അഴിമതി ആരോപണത്തെ തുടർന്ന് പാർലമെന്റ് സമിതിയുടെ അന്വേഷണം നേരിട്ടിരുന്ന അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി.
യശ്വന്ത് വർമ രാജിവെച്ചു; ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികൾ അവസാനിച്ചു
ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ അന്വേഷണം നേരിട്ടിരുന്ന അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ പദവി രാജിവെച്ചു. ഇതുസംബന്ധിച്ച രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി. 'അതീവ ദുഃഖത്തോടെ സ്ഥാനമൊഴിയുന്നു' എന്നും ഈ പദവിയിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം രാജിക്കത്തിൽ വ്യക്തമാക്കി.
2025 മാർച്ചിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങൾക്ക് ആധാരം. തീ അണയ്ക്കുന്നതിനിടെ വലിയൊരു തുക കണക്കിൽപ്പെടാത്ത രീതിയിൽ കണ്ടെത്തുകയായിരുന്നു. ഇതേക്കുറിച്ച് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നിർദ്ദേശപ്രകാരം സുപ്രീം കോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ യശ്വന്ത് വർമയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് 2025 ഓഗസ്റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ച പ്രമേയത്തെത്തുടർന്ന് സ്പീക്കർ ഓം ബിർള മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് വർമ രാജിവെച്ചതോടെ 1968-ലെ ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരമുള്ള നീക്കം ചെയ്യൽ നടപടികൾ അവസാനിക്കും. ഒരു ജഡ്ജി സ്ഥാനമൊഴിഞ്ഞാൽ പാർലമെന്റിലെ ഇംപീച്ച്‌മെന്റ് നടപടികൾക്ക് നിയമസാധുത ഇല്ലാതാകുന്നതിനാലാണിത്. ഇതോടെ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സിറ്റിങ് ജഡ്ജിക്കെതിരെ നടന്ന അപൂർവമായ നീക്കം ചെയ്യൽ നടപടികൾക്കാണ് അന്ത്യമായത്.

