രഘുറാം
ദുരൂഹതകളും ആക്ഷനും നിറച്ച് രഘുറാം ചിത്രം ജനുവരി 30 ന് തിയേറ്ററുകളിലേക്ക്
ദുരൂഹതകളും ആക്ഷനും നിറച്ച് ‘രഘുറാം’; ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ ഒരുക്കുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രം ‘രഘുറാം’ ജനുവരി 30-ന് തിയേറ്ററുകളിലെത്തും. സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തമിഴ് താരം ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സസ്‌പെൻസും വൈകാരികമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കർണാടക, ഭൂതത്താൻകെട്ട്, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ അതിശയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത സംഘട്ടന സംവിധായകരായ അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്. സുധിർ സി. ചാക്കനാട്ടിന്റെതാണ് തിരക്കഥ. രഞ്ജിത്ത് പുന്നപ്ര, ചന്ദ്രു മേപ്പയൂർ എന്നിവർ ഛായാഗ്രഹണവും സായ് ബാലൻ സംഗീതവും നിർവ്വഹിക്കുന്നു.

