ടോക്സിക്

ടോക്സിക്കിലെ മെലിസയായി രുക്മിണി വസന്ത് ഗീതു മോഹൻദാസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് ​

ടോക്സിക്
ടോക്സിക് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം

'ടോക്സിക്കി'ലെ മെലിസയായി രുക്മിണി വസന്ത്; ഗീതു മോഹൻദാസ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

​കൊച്ചി: കെ.ജി.എഫ് താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കന്നഡ താരം രുക്മിണി വസന്ത് അവതരിപ്പിക്കുന്ന 'മെലിസ' എന്ന കഥാപാത്രത്തെയാണ് അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയത്. 1960-കളുടെ പശ്ചാത്തലത്തിലുള്ള വർണാഭമായ പാർട്ടി പരിസരത്ത് അതീവ ഗൗരവത്തോടെ നിൽക്കുന്ന രുക്മിണിയുടെ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

​രുക്മിണിയുടെ അഭിനയ ശൈലിയെയും ബുദ്ധിശക്തിയെയും സംവിധായിക ഗീതു മോഹൻദാസ് പ്രശംസിച്ചു. വെറുമൊരു അഭിനയത്തിനപ്പുറം ഓരോ ഷോട്ടും ആഴത്തിൽ ചിന്തിച്ചു ചെയ്യുന്ന അഭിനേത്രിയാണ് അവരെന്നും, സെറ്റിൽ രുക്മിണി സൂക്ഷിക്കുന്ന ഡയറി കുറിപ്പുകൾ പോലും തന്റെ ചിന്തകളെ സ്വാധീനിക്കാറുണ്ടെന്നും ഗീതു പറഞ്ഞു.

​നേരത്തെ കിയാര അദ്വാനി (നാദിയ), ഹുമ ഖുറേഷി (എലിസബത്ത്), നയൻതാര (ഗംഗ), താര സുതാരിയ (റിബെക്ക) എന്നിവരുടെ ഫസ്റ്റ് ലുക്കുകൾ പുറത്തുവന്നിരുന്നു. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ. പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

​രാജീവ് രവി ഛായാഗ്രഹണവും രവി ബസ്രൂർ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി 'ജോൺ വിക്' ഫെയിം ജെ.ജെ. പെറിയും അൻബറിവും ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രം മാർച്ച് 19-ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. യാഷിന്റെ ജന്മദിനമായ ജനുവരി 8-ന് ചിത്രത്തിന്റെ വലിയൊരു അപ്ഡേറ്റ് കൂടി വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.