യുഡിഎഫ് സർക്കാരിന്റെ വകുപ്പുവിഭജനം പൂർത്തിയായി മന്ത്രിമാരുടെ പട്ടിക വി.ഡി.സതീശൻ ഗവർണർക്ക് കൈമാറി
യുഡിഎഫ് സർക്കാരിൽ ദിവസങ്ങളായി തുടർന്ന വകുപ്പുവിഭജന തർക്കങ്ങൾക്ക് പരിഹാരം. മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. പ്രധാന വകുപ്പുകളുടെ വിവരങ്ങൾ അറിയാം.
വകുപ്പുവിഭജനം പൂർത്തിയായി; യുഡിഎഫ് മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ യുഡിഎഫ് സർക്കാരിന്റെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി.സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി. ഇന്ന് രാവിലെ ജി.സുധാകരന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി പട്ടിക സമർപ്പിച്ചത്.
സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം കഴിഞ്ഞിട്ടും വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇന്ന് മന്ത്രിസഭാ യോഗം ചേരാനിരിക്കുന്ന പശ്ചാത്തലത്തിൽ, അതിനുമുമ്പ് വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ മന്ത്രിമാർക്ക് വകുപ്പില്ലാതെ യോഗത്തിൽ പങ്കെടുക്കേണ്ടി വരുമായിരുന്നു. ഈയൊരു പ്രതിസന്ധി ഒഴിവാക്കാനാണ് മുന്നണി നേതൃത്വം ചർച്ചകൾ വേഗത്തിലാക്കിയത്.
തർക്കങ്ങൾക്ക് വഴിമാറി ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം
കോൺഗ്രസും മുസ്‌ലിം ലീഗും തമ്മിൽ ഫിഷറീസ്, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ വച്ചുമാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് വിജ്ഞാപനം വൈകാൻ പ്രധാന കാരണം. ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് വിട്ടുനൽകുമ്പോൾ പകരം ഫിഷറീസ് വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിന്നു. കോൺഗ്രസ് ഇതിന് ആദ്യം അനുകൂലമായിരുന്നെങ്കിലും, പരമ്പരാഗതമായി കോൺഗ്രസ് കൈകാര്യം ചെയ്യുന്ന ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിനെതിരെ ലത്തീൻ സഭാ നേതൃത്വവും കോൺഗ്രസിനുള്ളിലെ ഒരു വിഭാഗവും കടുത്ത എതിർപ്പുമായി രംഗത്തെത്തി.
തുടർന്ന് മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും ലത്തീൻ സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അനുനയ ചർച്ചകൾ നടത്തിയിരുന്നു. ഒടുവിൽ പുറത്തുവരുന്ന സൂചനകൾ പ്രകാരം റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പും, എം. ലിജുവിന് എക്സൈസിനൊപ്പം സഹകരണ വകുപ്പും ലഭിച്ചതായാണ് അറിയുന്നത്.
പ്രധാന മന്ത്രിമാരും വകുപ്പുകളും:
രമേശ് ചെന്നിത്തല – ആഭ്യന്തരം
പി.കെ. കുഞ്ഞാലിക്കുട്ടി – വ്യവസായം
കെ. മുരളീധരൻ – ആരോഗ്യം
എൻ. ഷംസുദീൻ – പൊതുവിദ്യാഭ്യാസം
ഷിബു ബേബി ജോൺ – വനം
സി.പി. ജോൺ – ഗതാഗതം
വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവനിൽ നിന്ന് ഉടൻ പുറത്തിറങ്ങും.