ഉദയനാണ് താരം
20 വർഷത്തിന് ശേഷം ഉദയഭാനുവും സരോജ് കുമാറും വീണ്ടും ഉദയനാണ് താരം 4K റീ-റിലീസ് ജനുവരിയിൽ
20 വർഷത്തിന് ശേഷം ഉദയഭാനുവും സരോജ് കുമാറും വീണ്ടും; 'ഉദയനാണ് താരം' 4K റീ-റിലീസ് ജനുവരിയിൽ
കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ 'ഉദയനാണ് താരം' വീണ്ടും വെള്ളിത്തിരയിലേക്ക്. റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഈ സൂപ്പർഹിറ്റ് ചിത്രം റിലീസ് ചെയ്ത് 20 വർഷം തികയുന്ന വേളയിലാണ് 4K ദൃശ്യ മികവോടെ വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. 2026 ജനുവരി അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. ഉദയഭാനു എന്ന സംവിധായകനായി മോഹൻലാലും, സൂപ്പർസ്റ്റാർ സരോജ് കുമാറായി ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ചിത്രം ഇന്നും പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. പച്ചാളം ഭാസിയായുള്ള ജഗതി ശ്രീകുമാറിന്റെ പ്രകടനം ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
ശ്രീനിവാസൻ തിരക്കഥയൊരുക്കിയ ചിത്രത്തിൽ മീനയായിരുന്നു നായിക. മുകേഷ്, സലിം കുമാർ, ഇന്ദ്രൻസ്, ഭാവന തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ദീപക് ദേവിന്റെ സംഗീതവും കൈതപ്രത്തിന്റെ വരികളും ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കി. എസ്. കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. എ.കെ. സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പ്രസാദ് ലാബിലാണ് ചിത്രത്തിന്റെ 4K റീ-മാസ്റ്ററിങ് പൂർത്തിയായത്.

