ഇന്ദ്രജിത്തിന്റെ നായകൻ 4K റീറിലീസിന് സെപ്റ്റംബർ 04ന്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇന്ദ്രജിത്ത് നായകനായി എത്തിയ കൾട്ട് ചിത്രം നായകൻ 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസിലും സെപ്റ്റംബർ 04 ന് തിയേറ്ററുകളിലേക്ക്.

ഇന്ദ്രജിത്തിന്റെ നായകൻ 4K റീറിലീസിന് സെപ്റ്റംബർ 04ന്
സിനിമ പോസ്റ്റർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ ചിത്രം; ഇന്ദ്രജിത്തിന്റെ 'നായകൻ' 4K റീറിലീസിനൊരുങ്ങുന്നു

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ നായകനായി 2010-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ക്രൈം ഡ്രാമ ചിത്രം 'നായകൻ' വീണ്ടും തിയേറ്ററുകളിലേക്ക്. പതിനാറ് വർഷങ്ങൾക്ക് ശേഷം, അത്യാധുനിക 4K ദൃശ്യമികവിലും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തിലുമാണ് ചിത്രം സെപ്റ്റംബർ 04-ന് റീറിലീസ് ചെയ്യുന്നത്.

​കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന വരദനുണ്ണി എന്ന കഥകളി കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തിൽ എത്തിയത്. ഇന്ദ്രജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന ഈ കഥാപാത്രം തിയേറ്റർ റിലീസ് കാലഘട്ടത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും പിന്നീട് കൾട്ട് ക്ലാസിക് പദവി നേടിയിരുന്നു.

​തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, ധന്യ മേരി വർഗീസ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. പി.എസ്. റഫീക്കിന്റെ തിരക്കഥയിൽ ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടനാണ് ചിത്രം നിർമ്മിച്ചത്.

​മനോജ് പരമഹംസയുടെ ഛായാഗ്രഹണവും പ്രശാന്ത് പിള്ളയുടെ സംഗീതവും സിനിമയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. ഹൈ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ 4K റീമാസ്റ്ററിംഗ് നിർവഹിച്ചിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.