ലാലേട്ടന്റെ ജന്മദിനത്തിൽ സർപ്രൈസ് 36 വർഷങ്ങൾക്ക് ശേഷം കിരീടം4K റീ റിലീസിന് ഒരുങ്ങുന്നു
മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രം കിരീടം 36 വർഷങ്ങൾക്ക് ശേഷം 4K ഡോൾബി അറ്റ്മോസ് ദൃശ്യ ശ്രാവ്യ ഭംഗിയോടെ തിയേറ്ററുകളിലേക്ക് വീണ്ടുമെത്തുന്നു ലാലേട്ടന്റെ ജന്മദിനത്തിൽ സർപ്രൈസ് പോസ്റ്റർ
കൊച്ചി: മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ്ണലിപികളാൽ എഴുതപ്പെട്ട മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിന്റെ ക്ലാസിക് ചിത്രം 'കിരീടം' ബിഗ് സ്ക്രീനിൽ വീണ്ടുമെത്തുന്നു. റിലീസ് ചെയ്ത് 36 വർഷങ്ങൾ പിന്നിടുമ്പോൾ, അത്യാധുനിക 4K ഡോൾബി അറ്റ്മോസ് (Dolby Atmos) സാങ്കേതികവിദ്യയോടെ പുതുക്കിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നടൻ മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഔദ്യോഗിക റീ-റിലീസ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം വരും ജൂൺ മാസത്തിൽ തീയേറ്ററുകളിലെത്തും.
മോഹൻലാൽ എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ കരിയർ ബ്രേക്കുകളിൽ ഒന്നായ 'കിരീടം' 1989-ലാണ് തീയേറ്ററുകളിൽ എത്തിയത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു സാധാരണക്കാരനായ യുവാവ് (സേതുമാധവൻ) സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കുറ്റവാളിയായി മാറുന്നതിന്റെ കഥയാണ് പറയുന്നത്.
മോഹൻലാൽ-തിലകൻ കോമ്പോയുടെ വൈകാരിക തീവ്രതയാർന്ന അഭിനയമുഹൂർത്തങ്ങളും, ജോൺസൺ മാസ്റ്ററുടെ സംഗീതവും, കൈതപ്രത്തിന്റെ വരികളും ചിത്രത്തെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നൊമ്പരമാക്കി മാറ്റി. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പ്രതിഭകളായ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത എന്നിവരെ വീണ്ടുമൊരിക്കൽ കൂടി വെള്ളിത്തിരയിൽ കാണാനുള്ള അപൂർവ്വ അവസരം കൂടിയാണ് ഈ റീ-റിലീസിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി തുടങ്ങിയവരുടെ പ്രകടനവും എസ്. കുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം ഇന്ത്യയിലുടനീളം വിതരണത്തിന് എത്തിക്കുന്നത്. പ്രസാദ് കോർപ്പ് റീസ്റ്റോറേഷനും ഹൈ സ്റ്റുഡിയോസ് 4K റീമാസ്റ്ററിങ്ങും നിർവ്വഹിച്ച ചിത്രത്തിന്റെ ട്രെയിലർ കട്ടുകൾ ഡോൺ മാക്സിന്റേതാണ്. പുതിയ സാങ്കേതിക മികവോടെ എത്തുന്ന സേതുമാധവന്റെയും അച്യുതൻ നായരുടെയും കഥ പഴയ തലമുറയ്ക്ക് ഓർമ്മ പുതുക്കാനും പുതിയ തലമുറയ്ക്ക് തിയേറ്റർ അനുഭവമാകാനും ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.