സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് റിപ്പോർട്ട്
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചതായി പൊലീസ് റിപ്പോർട്ട്. ഡിജിപി റിപ്പോർട്ട് തേടി.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം: ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അതീവ സുരക്ഷാ മേഖലയിലും വേദിയിലും വൻ പ്രോട്ടോക്കോൾ ലംഘനം നടന്നതായി പൊലീസ് റിപ്പോർട്ട്. ചട്ടങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഡിജിപി സിറ്റി പൊലീസ് കമ്മിഷണറോടും, സ്പെഷൽ ബ്രാഞ്ച് മേധാവി ഉദ്യോഗസ്ഥരോടും അടിയന്തര റിപ്പോർട്ട് തേടി.
രാഹുൽ ഗാന്ധി ഉൾപ്പെടെ എട്ട് പ്രമുഖർക്ക് 'ഇസെഡ് പ്ലസ്' (Z+) കാറ്റഗറി സുരക്ഷയാണ് ചടങ്ങിൽ ഒരുക്കിയിരുന്നത്. രാജ്ഭവൻ നൽകിയ ഔദ്യോഗിക ലിസ്റ്റിലുള്ളവർക്ക് മാത്രമായിരുന്നു വേദിയിൽ പ്രവേശനാനുമതി. എന്നാൽ, ഈ നിർദേശങ്ങൾ മറികടന്ന് ചില ഐഎഎസ് ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറിമാർ, ഡപ്യൂട്ടി സെക്രട്ടറിമാർ എന്നിവരും അനുവാദമില്ലാതെ വേദിയിൽ സ്ഥാനം പിടിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. വേദിയിലേക്ക് കയറുന്നത് വിലക്കിയ പൊലീസുകാരോട് ചില ഐഎഎസ് ഉദ്യോഗസ്ഥർ തട്ടിക്കയറിയതായും ആക്ഷേപമുണ്ട്.
അനുവാദമില്ലാതെ വേദിയിൽ കയറിയവരുടെ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് സമർപ്പിക്കാൻ സ്പെഷൽ ബ്രാഞ്ച് മേധാവി നിർദേശം നൽകിയിട്ടുണ്ട്. വിലക്ക് ലംഘിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാമെങ്കിലും, മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട് അറിഞ്ഞ ശേഷമായിരിക്കും തുടർനടപടികൾ.
വിവിഐപികളുടെ വഴി മുടക്കി തിരക്ക്
എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കൊപ്പം എത്തിയ പ്രവർത്തകർ കാരണം വേദിയുടെ മുൻവശത്തെ അതിസുരക്ഷാ സോണിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ വിവിഐപികൾക്ക് വേദിയിലേക്ക് പ്രവേശിക്കാൻ നിശ്ചയിച്ചിരുന്ന യഥാർഥ വഴി ഉപയോഗിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പിന്നിൽ സജ്ജീകരിച്ചിരുന്ന ഗ്രീൻ റൂമിന് അരികിലെ വഴിയിലൂടെയാണ് പ്രമുഖരെ വേദിയിലെത്തിച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
