അവയവക്കടത്ത്: വ്യാജരേഖാ നിർമ്മാണത്തിൽ വൻ റാക്കറ്റ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു, മുഖ്യപ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്ന അന്തർസംസ്ഥാന അവയവക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ പോലീസ് പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. വ്യാജ ആധാർ കാർഡുകളും സീലുകളും നിർമ്മിച്ച് നടന്ന തട്ടിപ്പിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും
കൊച്ചി: അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ചമച്ച് വ്യാപകമായി അവയവക്കച്ചവടം നടത്തുന്ന സംഘത്തെ പിടികൂടാൻ എറണാകുളം റൂറൽ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. കേസിൽ നിർണ്ണായക തെളിവുകൾ ലഭിച്ചതിനെത്തുടർന്ന് മുഖ്യപ്രതി കാസർകോട് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയുടെ ഭാര്യ റഷീദയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള നജീബിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നജീബ് ഡൽഹി വഴി വിദേശത്തേക്ക് കടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. പള്ളിക്കര കേന്ദ്രീകരിച്ച് 'കല്ലട്ര മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
വ്യാജരേഖകളുടെ വൻശേഖരം
അവയവദാനം ചെയ്യുന്നത് അടുത്ത ബന്ധുക്കളാണെന്ന് വരുത്തിത്തീർക്കാൻ എംപിമാർ, എംഎൽഎമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ലെറ്റർ ഹെഡുകളും സീലുകളും ഒപ്പും വ്യാജമായി നിർമ്മിച്ചതായി പോലീസ് കണ്ടെത്തി. അവയവദാനത്തിന് നിർബന്ധമായ ‘അൾട്രൂയിസം സർട്ടിഫിക്കറ്റുകൾ’ പോലും ഇത്തരത്തിൽ വ്യാജമായി നിർമ്മിച്ചിരുന്നു. പ്രതികളുടെ സ്ഥാപനങ്ങളിൽ നടന്ന റെയ്ഡിൽ വ്യാജ ആധാർ കാർഡുകളും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
കൂടുതൽ അറസ്റ്റ്
വ്യാജരേഖകൾ നിർമ്മിക്കാൻ സഹായിച്ച ഡിടിപി, കമ്പ്യൂട്ടർ സെന്റർ ഉടമകളായ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്, സനോജ് കെ.പി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിന് അന്തർസംസ്ഥാന, രാജ്യാന്തര ബന്ധങ്ങളുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിയമവിരുദ്ധമായി എത്രത്തോളം അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്ന് കണ്ടെത്താൻ മെഡിക്കൽ തലത്തിലുള്ള വിശദമായ പരിശോധനയും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കുന്നത്തുനാട്, തടിയമ്പാട്, അമ്പലമേട് പോലീസ് സംഘങ്ങൾ സംയുക്തമായാണ് ഈ വൻ തട്ടിപ്പ് ശൃംഖലയെ പുറത്തുകൊണ്ടുവന്നത്.