ഭർത്താവിന്റെ മരണം കൊലപാതകമെന്ന് സംശയം
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത ഭർത്താവിന്റെ മരണം കൊലപാതകമെന്ന് സംശയം
തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്ത ഭർത്താവിന്റെ മരണം കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് സീറ്റ് നൽകിയാൽ എതിരെ രംഗത്തുവരുമെന്ന് ഫെയ്‌സ്ബുക്കിൽ പരസ്യനിലപാട് എടുത്ത വെമ്പായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ (53) മരണം കൊലപാതകമെന്ന് സംശയമുയരുന്നു. അജിത് കുമാറിന്റെ മരണകാരണം തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണ്ണായകമായത്.
ഒക്ടോബർ 10ന് പുലർച്ചെ അഞ്ചുമണിയോടെ വീടിനോട് ചേർന്നുള്ള ഓഫിസ് മുറിയിലാണ് അജിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു മകൻ വിനായക് ശങ്കർ ആദ്യം നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഈ മൊഴിയെ തള്ളുന്നതാണ്.
വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ ഭാര്യ ബീനയ്ക്ക് എതിരെ അജിത് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മർദ്ദനമേറ്റതിന്റെ ചിത്രങ്ങൾ സഹിതമായിരുന്നു അജിത്തിന്റെ പോസ്റ്റ്.
"ഭാര്യ ബീന എന്റെ പേര് കൂടി ചേർത്ത് രണ്ടു തവണ മത്സരിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഇവർക്ക് കോൺഗ്രസ് കമ്മിറ്റി വീണ്ടും സീറ്റ് നൽകിയാൽ ഞാൻ തന്നെ അവൾക്കെതിരെ രംഗത്തുവരും." - അജിത് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച ബീന പരാജയപ്പെട്ടിരുന്നു. അജിത്തിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്

