സ്ട്രോങ്ങ് റൂം പൂട്ടുന്നതിനെച്ചൊല്ലി തർക്ക കോട്ടയത്ത് ഉദ്യോഗസ്ഥർക്ക് നേരെ സൈനികർ തോക്കുചൂണ്ടി
കോട്ടയം ബസേലിയസ് കോളജിലെ സ്ട്രോങ്ങ് റൂം പൂട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് ഉദ്യോഗസ്ഥർക്ക് നേരെ സൈനികർ തോക്കുചൂണ്ടി
സ്ട്രോങ്ങ് റൂം പൂട്ടുന്നതിനെച്ചൊല്ലി തർക്കം; ഉദ്യോഗസ്ഥർക്ക് നേരെ സൈനികർ തോക്കുചൂണ്ടി
കോട്ടയം: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾ പൂട്ടുന്നതിലെ സുരക്ഷാച്ചട്ടങ്ങളെച്ചൊല്ലി കേന്ദ്ര നിരീക്ഷകനും ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തർക്കം സംഘർഷാവസ്ഥയിലെത്തി. കോട്ടയം ബസേലിയസ് കോളജിൽ സ്ട്രോങ്ങ് റൂം പൂട്ടാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ സുരക്ഷാച്ചുമതലയുള്ള സി.ഐ.എസ്.എഫ് സൈനികർ തോക്കുചൂണ്ടിയത് വലിയ പരിഭ്രാന്തി പരത്തി. വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു നാടകീയ രംഗങ്ങൾ.
രണ്ട് പൂട്ടുകളുള്ള സ്ട്രോങ്ങ് റൂം പൂട്ടിയ ശേഷം ഒരു താക്കോൽ റിട്ടേണിങ് ഓഫീസറും രണ്ടാമത്തേത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സൂക്ഷിക്കണമെന്നാണ് നിലവിലെ ചട്ടം. എന്നാൽ, ഒരു താക്കോൽ പൂട്ടുകൾക്കൊപ്പം തന്നെ സീൽ ചെയ്തു വെക്കണമെന്ന കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദ്ദേശമാണ് വിവാദത്തിന് കാരണമായത്. മറ്റ് സംസ്ഥാനങ്ങളിൽ ഇതാണ് രീതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ ഇതിനെ ഉദ്യോഗസ്ഥരും പോലീസും എതിർത്തു.
കോൺഗ്രസ് നേതാക്കൾ കളക്ടർക്ക് പരാതി നൽകിയതിനെത്തുടർന്ന്, കളക്ടർ ചേതൻകുമാർ മീണ സ്ഥലത്തെത്തി പഴയ രീതിയിൽ തന്നെ റൂം പൂട്ടാൻ നിർദ്ദേശിച്ചു. ഇതനുസരിച്ച് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സി.ഐ.എസ്.എഫ് സൈനികർ തടസ്സപ്പെടുത്തുകയും തോക്കുചൂണ്ടുകയും ചെയ്തത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ചർച്ച നടത്തിയ ശേഷമാണ് തർക്കം പരിഹരിച്ചത്. നിലവിൽ സുരക്ഷാച്ചട്ടങ്ങൾ പാലിച്ച് സ്ട്രോങ്ങ് റൂമുകൾ മുദ്രവെക്കുകയും താക്കോലുകൾ ഉദ്യോഗസ്ഥർ കൈപ്പറ്റുകയും ചെയ്തു.

