കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എമ്മിനും നേതാക്കൾക്കും തിരിച്ചടി കോടതി സമൻസ് അയച്ചു

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം ഉൾപ്പെടെയുള്ള 28 പ്രതികൾക്കും ജൂലൈ നാലിന് നേരിട്ട് ഹാജരാകാൻ കലൂർ പി.എം.എൽ.എ കോടതി സമൻസ് അയച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എമ്മിനും നേതാക്കൾക്കും തിരിച്ചടി കോടതി സമൻസ് അയച്ചു
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എമ്മിനും നേതാക്കൾക്കും തിരിച്ചടി കോടതി സമൻസ് അയച്ചു

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എമ്മിനും നേതാക്കൾക്കും കടുത്ത തിരിച്ചടി; കോടതി സമൻസ് അയച്ചു

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ ഭരണകക്ഷിയായ സി.പി.എമ്മിനും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും കടുത്ത തിരിച്ചടി. കേസിൽ പാർട്ടിക്കും പ്രമുഖ നേതാക്കൾക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് നിരീക്ഷിച്ച കലൂർ പി.എം.എൽ.എ (PMLA) പ്രത്യേക കോടതി, സി.പി.എം ഉൾപ്പെടെയുള്ള 28 പ്രതികൾക്കും സമൻസ് അയച്ചു. തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന പ്രതികളുടെ വാദങ്ങളെല്ലാം കോടതി പൂർണ്ണമായി തള്ളി. വരുന്ന ജൂലൈ നാലിന് പ്രതികളെല്ലാവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം.

​കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമർപ്പിച്ച രണ്ടാംഘട്ട കുറ്റപത്രത്തിന്മേൽ പ്രതികളുടെ വാദം കേട്ട ശേഷമാണ് പ്രത്യേക കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. കേസിലെ ആകെ 83 പ്രതികളിൽ ആദ്യഘട്ടത്തിൽ 55 പേർക്കെതിരെയുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. ഇതിൽ സി.പി.എം എന്ന രാഷ്ട്രീയ പാർട്ടിയെയും അതിന്റെ തൃശൂർ ജില്ലയിലെ പ്രമുഖ നേതാക്കളെയും ഉൾപ്പെടുത്തിയാണ് ഇപ്പോൾ 28 പേർക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.

​എ.സി. മൊയ്തീൻ എം.എൽ.എ, കെ. രാധാകൃഷ്ണൻ എം.പി, സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. വർഗീസ്, പി.ആർ. അരവിന്ദാക്ഷൻ, മധു അമ്പലപുരം എന്നിവരാണ് ഇ.ഡി സമർപ്പിച്ച പ്രതിപ്പട്ടികയിലെ പ്രധാന സി.പി.എം നേതാക്കൾ.

​ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) പ്രകാരം ഇ.ഡി സമർപ്പിച്ച മുപ്പതിനായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ പാർട്ടിയെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കുന്ന വിപുലമായ ഡിജിറ്റൽ-രേഖാമൂല തെളിവുകളാണുള്ളത്. കരുവന്നൂർ ബാങ്കിന്റെ ഭരണസമിതിയെ നിയന്ത്രിക്കാനായി സി.പി.എം ജില്ലാ കമ്മിറ്റി ഒരു പ്രത്യേക സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സബ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ബാങ്കിൽ നിന്ന് പലർക്കുമായി വഴിവിട്ട രീതിയിൽ കോടികളുടെ വ്യാജ വായ്പകൾ അനുവദിച്ച് നിക്ഷേപകരെ ചതിച്ചതെന്നാണ് കണ്ടെത്തൽ.

​കേസിൽ സാക്ഷിമൊഴികൾക്കും മാപ്പുസാക്ഷികളുടെ മൊഴികൾക്കും പുറമെ പ്രതികൾ സ്വന്തം കൈപ്പടയിൽ എഴുതിനൽകിയ കുറ്റസമ്മത മൊഴികളും ഇ.ഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഈ കുറ്റസമ്മത മൊഴികൾ വിചാരണ വേളയിൽ പ്രതികൾക്കെതിരെയുള്ള അന്തിമ തെളിവായി സ്വീകരിക്കാൻ കോടതിക്ക് സാധിക്കും. പി.എം.എൽ.എ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ടാൽ, തങ്ങൾ കൈകാര്യം ചെയ്ത പണം കള്ളപ്പണമല്ലെന്ന് തെളിയിക്കേണ്ട ബാധ്യത സാധാരണ നിയമങ്ങൾക്ക് വിപരീതമായി പ്രതികൾക്ക് തന്നെയാണ് എന്നത് നേതാക്കൾക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും.