​ലഹരി വിപണനത്തിനെതിരെ ആലപ്പുഴയിൽ സംയുക്ത റെയ്ഡ് ജൂണിൽ മാത്രം 285 കേസുകൾ, 313 പേർ പിടിയിൽ

ആലപ്പുഴയിൽ ലഹരി വിപണനത്തിനും ഉപയോഗത്തിനുമെതിരെ പോലീസ്, എക്സൈസ്, പോർട്ട് വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കുന്നു. ജൂണിൽ ഇതുവരെ 285 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു.

​ലഹരി വിപണനത്തിനെതിരെ ആലപ്പുഴയിൽ സംയുക്ത റെയ്ഡ് ജൂണിൽ മാത്രം 285 കേസുകൾ, 313 പേർ പിടിയിൽ
കളക്ടറേറ്റിൽ നടന്ന എൻകോഡ് മീറ്റിങ്ങിൽ ജില്ലാ കളക്ടർ ഷാജി വി നായരും ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപും പങ്കെടുത്തപ്പോൾ

​ലഹരി ഉപയോഗവും വിപണനവും തടയാൻ ആലപ്പുഴയിൽ സംയുക്ത പരിശോധന ശക്തമാക്കുന്നു

ആലപ്പുഴ: ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും തടയുന്നതിനായി വരും ദിവസങ്ങളിൽ പോലീസ്, എക്സൈസ്, പോർട്ട് വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമായ സംയുക്ത പരിശോധന നടത്താൻ തീരുമാനം. ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാ നാർക്കോ കോഡിനേഷൻ സെന്റർ (എൻകോഡ്) യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ലഹരിക്കെതിരെയുള്ള വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപിത വേദിയാണ് എൻകോഡ്.

​അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലേക്ക് എത്തുന്ന ട്രെയിനുകൾ, ഇന്റർസ്റ്റേറ്റ് ബസുകൾ, ഹൗസ് ബോട്ടുകൾ, ബീച്ചുകൾ, ലഹരി വ്യാപന സാധ്യതയുള്ള ഹോട്ട്‌സ്‌പോട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകൾ നടത്തും. ലഹരി ഉപയോഗം, വിപണനം എന്നിവ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും അധികൃതരെ അറിയിക്കാനായി പോലീസ്, എക്സൈസ് വകുപ്പുകളുടെ ഫോൺ നമ്പറുകൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.

​ജൂണിൽ വൻ ലഹരിവേട്ട; പ്രതികൾ പിടിയിൽ

​ഈ മാസം (ജൂൺ) ഇതുവരെ ജില്ലയിൽ വലിയ തോതിലുള്ള ലഹരിവേട്ടയാണ് നടന്നിട്ടുള്ളത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെയും എക്സൈസിന്റെയും നേതൃത്വത്തിൽ മൊത്തം 285 എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തു.

​പോലീസ് / എൻ.സി.ബി നടപടികൾ: ജില്ലയിൽ ഈ മാസം 196 എൻഡിപിഎസ് കേസുകളിലായി 231 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 858 ഗ്രാം കഞ്ചാവ്, 3.18 ഗ്രാം എംഡിഎംഎ, 0.91 ഗ്രാം ഹാഷിഷ് ഓയിൽ, 56 ലഹരി ഗുളികകൾ, 19 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു. അഞ്ച് പ്രതികൾ നിലവിൽ റിമാൻഡിലാണ്. കൂടാതെ 95 കോട്പ (COTPA) കേസുകളിലായി 97 പേരെ അറസ്റ്റ് ചെയ്യുകയും 2423 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

​എക്സൈസ് വകുപ്പിന്റെ നടപടികൾ: ആലപ്പുഴ എക്സൈസ് ഡിവിഷൻ 89 എൻഡിപിഎസ് കേസുകളിലായി 82 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 9.13 കിലോഗ്രാം കഞ്ചാവ്, 4 കഞ്ചാവ് ചെടികൾ, 5 കഞ്ചാവ് ബീഡികൾ, 62.475 ഗ്രാം ഹെറോയിൻ, 0.264 ഗ്രാം മെത്താംഫെറ്റമിൻ, 41.5 ഗ്രാം ഹാഷിഷ് ഓയിൽ, രണ്ട് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. 139.480 കിലോ പുകയില ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയും 565 കോട്പ കേസുകളിൽ നിന്നായി 1,13,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

​കൂടാതെ എക്സൈസ് നടത്തിയ 804 റെയ്ഡുകളിലായി 104 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്ത് 88 പേരെ അറസ്റ്റ് ചെയ്തു. ഇതിലൂടെ 10 ലിറ്റർ ചാരായം, 186.65 ലിറ്റർ വിദേശമദ്യം, 80 ലിറ്റർ വാഷ്, 9.15 ലിറ്റർ ബിയർ, ഒരു വാഹനം എന്നിവയും കസ്റ്റഡിയിലെടുത്തു.

​ശ്രദ്ധേയമായി 'ഓപ്പറേഷൻ തൂഫാൻ'

​ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതി ഏറെ ജനശ്രദ്ധ നേടി. ഇതിന്റെ ഭാഗമായി നടത്തിയ 401 ബോധവൽക്കരണ ക്ലാസുകളിലായി 17,428 വിദ്യാർത്ഥികളും 1016 യുവാക്കളും 2005 പൊതുജനങ്ങളും പങ്കെടുത്തു. കൂടാതെ 22 ലഹരിവിരുദ്ധ പരിപാടികളും 57 പേർക്ക് കൗൺസലിംഗും നൽകി. തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി ജൂൺ 22-ന് ആരംഭിച്ച സ്പെഷ്യൽ കോമ്പിംഗ് ജൂൺ 26 വരെ തുടരും.

​ജൂൺ 26-ന് വിപുലമായ പരിപാടികൾ

​അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-ന് ജില്ലയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ആലപ്പുഴ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ പാതിരപ്പള്ളി മുതൽ ജി.എച്ച്.എസ് കലവൂർ വരെ സംഘടിപ്പിക്കുന്ന സൈക്കിൾ റാലിയിൽ പി.പി. ചിത്തരഞ്ജൻ (എ.ഡി. തോമസ്) എം.എൽ.എ പങ്കെടുക്കും. വിവിധ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ സൈക്കിൾ റാലി, മാരത്തൺ, കിക്ക് ഓഫ്, കൂട്ടനടത്തം, കൂട്ടയോട്ടം, ലഹരിവിരുദ്ധ റാലി, പോസ്റ്റർ നിർമ്മാണം, സ്കിറ്റ്, ഫ്ലാഷ് മോബ്, ചെണ്ടമേളം എന്നിവയും സംഘടിപ്പിക്കും.

​യോഗത്തിൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, എ.ഡി.എം സി. പ്രേംജി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ്, ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ സുബിമോൾ, നാർക്കോട്ടിക് സെൽ എസ്.സി.പി.ഒ ഫൈസൽ, കോസ്റ്റ് ഗാർഡ്, പോർട്ട്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, മോട്ടോർ വെഹിക്കിൾ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

​ലഹരി ഉപയോഗവും വിപണനവും തടയാൻ പൊതുജനങ്ങൾക് ബന്ധപ്പെടാം:

​പോലീസ്: 9497979794, 9497927797, 9995966666 (വാട്‌സാപ്പ്)

​എക്‌സൈസ്: 04772252049

​ടോൾ ഫ്രീ നമ്പറുകൾ: 155358, 18004252696