എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി ലഭിക്കാതെ കേരളം പ്രതിവർഷം 100 കോടി രൂപ നൽകുന്നു കെ.സി. വേണുഗോപാൽ

കായംകുളം എൻ.ടി.പി.സി വികസനത്തിന് ഒരു മാസത്തിനകം സമഗ്ര പദ്ധതി സമർപ്പിക്കണം; കേന്ദ്ര സംസ്ഥാന ഊർജ്ജ സെക്രട്ടറിമാർക്ക് നിർദേശം നൽകി കെ.സി. വേണുഗോപാൽ എം.പി

എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി ലഭിക്കാതെ കേരളം പ്രതിവർഷം 100 കോടി രൂപ നൽകുന്നു കെ.സി. വേണുഗോപാൽ
കെസി വേണുഗോപാൽ എം പി ചെയർമാനായ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ആലപ്പുഴ സായി സന്ദർശിക്കുന്നു
എൻ.ടി.പി.സിയിൽ നിന്ന് വൈദ്യുതി ലഭിക്കാതെ കേരളം പ്രതിവർഷം 100 കോടി രൂപ നൽകുന്നു കെ.സി. വേണുഗോപാൽ

കായംകുളം എൻ.ടി.പി.സി പ്ലാന്റ് കേരളത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കണം; ഒരു മാസത്തിനകം സമഗ്ര പദ്ധതി സമർപ്പിക്കാൻ നിർദേശം: കെ.സി. വേണുഗോപാൽ എംപി

ആലപ്പുഴ: കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയം കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി ഒരു മാസത്തിനകം തയ്യാറാക്കി സമർപ്പിക്കാൻ കേന്ദ്ര-സംസ്ഥാന ഊർജ്ജ സെക്രട്ടറിമാർക്കും എൻ.ടി.പി.സി ചെയർമാനും നിർദേശം നൽകിയതായി കെ.സി. വേണുഗോപാൽ എംപി. കേരളത്തിന് ആവശ്യമായ വൈദ്യുതി താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കേണ്ടത്. ഒരു മാസത്തിനകം പദ്ധതി സമർപ്പിച്ചില്ലെങ്കിൽ എൻ.ടി.പി.സിക്ക് കൈമാറിയ ഭൂമി തിരിച്ചെടുത്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കണമെന്നാണ് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) മുന്നോട്ടുവെച്ച നിർദേശമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പി.എ.സി ചെയർമാന്മാരുടെ ദേശീയ സമ്മേളനത്തിന്റെയും കേരളത്തിലെ പി.എ.സി പഠനപര്യടനത്തിന്റെയും ഭാഗമായി കുമരകത്ത് നടന്ന യോഗങ്ങൾക്കുശേഷം ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായംകുളം എൻ.ടി.പി.സി പ്ലാന്റിനായി കേരളം ഏകദേശം 1100 ഏക്കർ ഭൂമിയാണ് നൽകിയിട്ടുള്ളത്. എന്നാൽ നിലവിൽ ഇവിടെനിന്ന് കേരളത്തിന് പ്രയോജനകരമായ രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല. പ്രതിവർഷം ഏകദേശം 100 കോടി രൂപ കേരളം എൻ.ടി.പി.സിക്ക് നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വൈദ്യുതി ലഭിക്കുന്നില്ല. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ നിരക്കും കേരളത്തിന് താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഊർജ്ജ സെക്രട്ടറി, സംസ്ഥാന പവർ സെക്രട്ടറി, എൻ.ടി.പി.സി ചെയർമാൻ എന്നിവർ സംയുക്തമായി വികസനപദ്ധതി തയ്യാറാക്കാൻ പി.എ.സി നിർദേശിച്ചത്.

നിലവിലുള്ള സൗരോർജ്ജ ഉൽപാദന പദ്ധതികൾക്കൊപ്പം പകൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല ആവശ്യങ്ങൾക്കായി സംഭരിക്കുന്നതിനുള്ള ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തണം. കേരളത്തിൽ പ്രധാനമായും വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് വൈദ്യുതി ആവശ്യകത ഉയരുന്നത്. അതിനാൽ പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കഴിയുന്ന ദീർഘകാല പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഊർജ്ജ മന്ത്രാലയം, പവർഗ്രിഡ് കോർപ്പറേഷൻ, എൻ.എച്ച്.പി.സി എന്നിവയുടെ പ്രതിനിധികളുമായും പി.എ.സി ചർച്ച നടത്തി. വൈദ്യുതി വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനും ഹൈഡൽ പദ്ധതികൾ വ്യാപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ടൂറിസം വികസനവുമായി ബന്ധപ്പെട്ട ചർച്ചയിൽ വർക്കല ശിവഗിരി സ്വദേശ് ദർശൻ പദ്ധതിയുടെ പൂർത്തീകരണമാണ് പ്രധാനമായും ഉയർന്നുവന്നത്. 2019-ൽ കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ച പദ്ധതി ഏഴു വർഷമായിട്ടും പൂർത്തിയായിട്ടില്ല. തടസ്സങ്ങൾ പരിഹരിച്ച് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കാൻ തീരുമാനിച്ചതായി കമ്മിറ്റി മുമ്പാകെ അറിയിച്ചിട്ടുണ്ട്.

പരമ്പരാഗതമായി വിനോദസഞ്ചാരികൾ എത്തുന്ന വയനാട്, വർക്കല, കൊല്ലം, തേക്കടി തുടങ്ങിയ കേന്ദ്രങ്ങൾക്കൊപ്പം അധികം ശ്രദ്ധിക്കപ്പെടാത്തതും വലിയ ടൂറിസം സാധ്യതകൾ നിലനിൽക്കുന്നതുമായ പ്രദേശങ്ങൾക്കും വികസന പദ്ധതികളിൽ മുൻഗണന നൽകണം. പ്രകൃതിരമണീയമായ പാതിരാമണൽ ഇതിന് മികച്ച ഉദാഹരണമാണ്. ഇത്തരം പ്രദേശങ്ങളെ കണ്ടെത്തി ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയും ടൂറിസം ഭൂപടത്തിൽ ഇടംനൽകുകയും ചെയ്താൽ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ തുറക്കാനാകും.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും ഈടാക്കുന്ന അമിത നിരക്കുകൾ നിയന്ത്രിക്കുന്നതിനും ഫലപ്രദമായ സംവിധാനം വേണം. വിനോദസഞ്ചാരികളുടെ വരവ് താരതമ്യേന കുറവുള്ള ഓഫ് സീസണിൽ പോലും ഉയർന്ന നിരക്ക് ഈടാക്കുന്ന പ്രവണതയുണ്ട്. താമസസൗകര്യങ്ങളുടെ നിരക്കുകളിൽ ന്യായമായ നിയന്ത്രണവും സുതാര്യതയും ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. വിനോദസഞ്ചാരികൾക്ക് ഗുണമേന്മയുള്ള താമസസൗകര്യങ്ങൾ ന്യായമായ നിരക്കിൽ ലഭ്യമാക്കേണ്ടത് ടൂറിസം വികസനത്തിന്റെ ഭാഗമായിത്തന്നെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതികളുടെ പ്രഖ്യാപനത്തിലും സാമ്പത്തിക വിനിയോഗത്തിലും മാത്രം ഒതുങ്ങാതെ കൃത്യമായ ആസൂത്രണം, സമയബന്ധിതമായ നിർവഹണം, ഫലപ്രദമായ നിരീക്ഷണം, വിനോദസഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ സമീപനമാണ് രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തിന് ആവശ്യമെന്ന് പി.എ.സി യോഗത്തിൽ കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി.

ആലപ്പുഴയിലെ കനാലുകളെയും കായലുകളെയും ബന്ധിപ്പിക്കുന്ന നൂറുകോടിയിലധികം രൂപയുടെ ടൂറിസം പദ്ധതിയിൽ എ.എസ് കനാലിനെ കൂടി ഉൾപ്പെടുത്തി സൗന്ദര്യവൽക്കരിക്കാനും പാതിരാമണലിന്റെ വികസനസാധ്യതകൾ പഠിച്ച് വിശദമായ പദ്ധതിരേഖ തയ്യാറാക്കാനും നിർദേശിച്ചിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര പരിപാടിയാക്കി ഉയർത്തുന്നതിനായി ഗാലറികളും മത്സരക്രമീകരണങ്ങളും ഉൾപ്പെടുന്ന സമഗ്ര പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ സായി കേന്ദ്രത്തിന്റെ വികസനത്തിനും പി.എ.സി ഇടപെട്ടു. പുന്നമടയിലെ സായി വാട്ടർ സെന്ററും പി എ സി സംഘം സന്ദർശിച്ചു.

കനോയിംഗ്, കയാക്കിംഗ്, റോയിംഗ് തുടങ്ങിയ ഇനങ്ങളിൽ ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ മെഡലുകൾ നേടുന്ന കേന്ദ്രമാണിത്. 1990-ൽ സെന്റർ ഓഫ് എക്സലൻസ് ആയി ഉയർത്തിയെങ്കിലും 35 വർഷമായി കാര്യമായ വികസനം ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ നവീകരണത്തിനായി ഒരു മാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് സായിയുടെ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതുതായി നിർമ്മിക്കുന്ന ഹോസ്റ്റൽ സമുച്ചയത്തിന് സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണ കേന്ദ്രവുമായി ചേർന്നു നടപടി സ്വീകരിക്കാൻ സായി വാട്ടർ സെന്ററിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സ്പോർട്സ് കേന്ദ്രത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കണം. 

കേരളത്തിലെ ദേശീയപാത, റെയിൽവേ മേഖലകളിലെ പ്രശ്നങ്ങൾക്കും കഴിഞ്ഞ ദിവസങ്ങളിലെ പി.എ.സി യോഗങ്ങളിൽ പരിഹാരനിർദേശങ്ങൾ ഉയർന്നുവന്നതായി അദ്ദേഹം പറഞ്ഞു. ട്രെയിനുകളിലെ ശുചിത്വം, റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഉൾപ്പെടെയുള്ള യാത്രാസൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ദേശീയപാതയിലെ കരാറുകാരനെതിരെ നടപടി

കൊല്ലം മുതൽ ആലപ്പുഴ വരെയുള്ള ദേശീയപാതയുടെ നിർമാണത്തിലെ കാലതാമസവും മോശം അവസ്ഥയും സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കരാറുകാരന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ദേശീയപാത അതോറിറ്റി തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കൊറ്റൻകുളങ്ങര മുതൽ കളർകോട് വരെയുള്ള ഭാഗത്ത് നിർമാണ പുരോഗതിയില്ല. കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുള്ളത്.

ദേശീയപാതയിലെ സുരക്ഷാ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് സർവീസ് റോഡുകളുടെ ശോച്യാവസ്ഥയാണ്. വീതിക്കുറവും ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവവും യാത്രക്കാർക്ക് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. പ്രധാന ദേശീയപാത ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം തന്നെ സുരക്ഷിതവും സഞ്ചാരയോഗ്യവുമായ സർവീസ് റോഡുകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് പി.എ.സി കർശന നിർദേശം നൽകിയിട്ടുണ്ട്. അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേയുടെ താഴെയുള്ള റോഡ് മാതൃകയിൽ മറ്റ് പ്രദേശങ്ങളിലെയും സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കനാലുകളുടെ നവീകരണത്തിന് ശാസ്ത്രീയ സംവിധാനം വേണം

ആലപ്പുഴയിലെ കനാലുകളിലെ പോള നീക്കം ചെയ്യുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. വർഷംതോറും പണം ചെലവഴിച്ച് പോള നീക്കം ചെയ്യുന്നതുകൊണ്ട് മാത്രം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല. വിദഗ്ധരുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ തയ്യാറാക്കിയ 30 കോടി രൂപയുടെ പദ്ധതിയിലൂടെ പോള നീക്കം ചെയ്യുന്നതിനും ഉപ്പുവെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ ബീച്ചും കനാലുകളും മികച്ച രീതിയിൽ പരിപാലിക്കാൻ സർക്കാരിനൊപ്പം പൊതുജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമ്പലപ്പുഴ മുതൽ കലവൂർ വരെയുള്ള തീരദേശ റെയിൽപാത ഇരട്ടിപ്പിക്കലിന് ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് പ്രത്യേക അക്വിസിഷൻ വിംഗ് രൂപീകരിച്ചിട്ടുണ്ട്. രണ്ടു മൂന്ന് വർഷത്തിനകം തീരദേശ പാതയുടെ ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

വേമ്പനാട്ട് കായലിലെ ഹൗസ്ബോട്ടിൽ പി.എ.സി യോഗം ചേർന്നത് പാർലമെന്ററി സമിതിയുടെ ചരിത്രത്തിലെ സവിശേഷമായ അനുഭവമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട ഓഡിറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നടന്ന യോഗത്തിൽ അംഗങ്ങൾ വലിയ താൽപര്യത്തോടെയാണ് പങ്കെടുത്തത്. ഇത്തരം ദേശീയതല യോഗങ്ങൾ ആലപ്പുഴയിൽ കൂടുതൽ സംഘടിപ്പിക്കുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ കളക്ടർ ഷാജി വി നായർ, ജില്ലാ പോലീസ് സൂപ്രണ്ട് ജെ കെ വിഷ്ണുപ്രദീപ്, എ ഡി എം സി പ്രേംജി തുടങ്ങിയവർ പങ്കെടുത്തു.