കുടിവെള്ള പദ്ധതി കരാർ റദ്ദാക്കി പഞ്ചായത്തുകൾക്ക് ചുമതല 4.5 കോടി വീതം അനുവദിക്കും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ

കരുമാലൂർ, കുന്നുകര ഗ്രാമപഞ്ചായത്തുകളിലെ പൈപ്പിടലും റോഡ് പുനരുദ്ധാരണവും വേഗത്തിലാക്കാൻ മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു.

കുടിവെള്ള പദ്ധതി കരാർ റദ്ദാക്കി പഞ്ചായത്തുകൾക്ക് ചുമതല 4.5 കോടി വീതം അനുവദിക്കും മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
കരുമാലൂർ കുന്നുകര ഗ്രാമപഞ്ചായത്തുകളിലെ ഗാർഹിക പൈപ്പിടലും റോഡ് പുനരുദ്ധാരണവും സംബന്ധിച്ച അവലോകന യോഗത്തിന് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിക്കുന്നു

കരുമാലൂർ, കുന്നുകര പഞ്ചായത്തുകളിൽ ഗാർഹിക പൈപ്പിടലും റോഡ് അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ

​കൊച്ചി: കരുമാലൂർ, കുന്നുകര ഗ്രാമപഞ്ചായത്തുകളിൽ ഗാർഹിക കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും റോഡ് പുനരുദ്ധാരണവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ സാന്നിധ്യത്തിൽ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​നിലവിൽ പൈപ്പിടലിനായി നൽകിയിട്ടുള്ള കരാർ റദ്ദാക്കാനും, പ്രവൃത്തികൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ തന്നെ ഏറ്റെടുത്ത് നടപ്പിലാക്കാനും മന്ത്രി അനുമതി നൽകി. ഇതിനായി ഇരു പഞ്ചായത്തുകൾക്കും ബില്ലുകൾ നൽകുന്നതിനനുസരിച്ച് 4.5 കോടി രൂപ വീതം ലഭ്യമാക്കും. പഞ്ചായത്തുകൾ തന്നെ ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം.

​പൈപ്പിടലിനായി റോഡുകൾ കുഴിക്കുന്ന സാഹചര്യം വന്നാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സംയുക്ത യോഗം വിളിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് (PWD) കൃത്യമായ എസ്റ്റിമേറ്റ് എടുത്ത് പ്രൊപ്പോസൽ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ 10 ദിവസത്തിനുള്ളിൽ സ്വീകരിക്കാൻ കേരള വാട്ടർ അതോറിറ്റിയോടും പൊതുമരാമത്ത് വകുപ്പിനോടും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

​ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കൃഷ്ണൻ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, മറ്റ് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.