​കുടമുണ്ട പാലം ഷിബു തെക്കുംപുറം എംഎൽഎ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്ന് മുൻ എംഎൽഎ ആന്റണി ജോൺ

കുടമുണ്ട പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയാക്കിയത് തന്റെ നേട്ടമാണെന്ന് വരുത്തിത്തീർത്ത് ഷിബു തെക്കുംപുറം എംഎൽഎ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.

​കുടമുണ്ട പാലം ഷിബു തെക്കുംപുറം എംഎൽഎ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്ന് മുൻ എംഎൽഎ ആന്റണി ജോൺ
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

കുടമുണ്ട പാലം: ഷിബു തെക്കുംപുറം എംഎൽഎ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നുവെന്ന് മുൻ എംഎൽഎ ആന്റണി ജോൺ

കോതമംഗലം: നിർമ്മാണം പൂർത്തീകരിച്ച കുടമുണ്ട പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് അവകാശപ്പെട്ട് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുൻ എംഎൽഎ ആന്റണി ജോൺ ആരോപിച്ചു. കുടമുണ്ട പാലത്തിന്റെ കാര്യത്തിൽ എംഎൽഎ ഇപ്പോൾ 'എട്ടുകാലി മമ്മൂഞ്ഞ്' ചമയുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വിമർശിച്ചു.

​2016-ൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് കുടമുണ്ടയിൽ ചെക്ക് ഡാം കം ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ വാരപ്പെട്ടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറിയെന്ന് ആരോപിച്ച് സ്ഥലമുടമ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് അപ്രോച്ച് റോഡ് നിർമ്മാണം തടസ്സപ്പെട്ടത്. തുടർന്ന് കോടതി നിർദ്ദേശപ്രകാരം കോതമംഗലം താലൂക്ക് സർവേയറും അഡ്വക്കേറ്റ് കമ്മീഷനും നടത്തിയ പരിശോധനയിൽ ഹർജിക്കാരന്റെ ഭൂമിയിൽ നിർമ്മാണം നടന്നതായി ബോധ്യപ്പെടുകയും കേസ് നീണ്ടുപോവുകയും ചെയ്തു. കൂടാതെ അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാനുള്ള തുകയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല.

​താൻ എംഎൽഎയായി വന്നതിനുശേഷം 2016 അവസാനം മുതൽ കോടതിക്ക് അകത്തും പുറത്തും നിരന്തര ഇടപെടലുകൾ നടത്തിയാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയതെന്ന് ആന്റണി ജോൺ വ്യക്തമാക്കി. 2014-16 കാലയളവിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകളാണ് ഭൂവുടമകളെ കേസിന് പ്രേരിപ്പിച്ചത്. ഒടുവിൽ തന്റെ അഭ്യർത്ഥനയെ തുടർന്ന് 2024 അവസാനം കോതമംഗലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് കേസ് പിൻവലിക്കാനും സൗജന്യമായി സ്ഥലം വിട്ടുനൽകാനും കുടുംബം സമ്മതിച്ചത്.

​തുടർന്ന് റവന്യൂ-ഇറിഗേഷൻ ഉദ്യോഗസ്ഥരും സ്ഥലമുടമയും ചേർന്ന് നടത്തിയ പരിശോധനയിൽ വാഹനഗതാഗതത്തിന് ആവശ്യമായ 3.87 സെന്റ് സ്ഥലം വിട്ടുനൽകാൻ കുടുംബം സന്നദ്ധരായി. ഇതിനുശേഷം തന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി 2025 നവംബർ 5-ന് നിർമ്മാണം ആരംഭിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം (2026 സെപ്റ്റംബർ) പകുതിയോടെയാണ് ഈ നിർമ്മാണം പൂർത്തിയായത്.

​എന്നാൽ, യുഡിഎഫ് സർക്കാർ കഴിഞ്ഞ മേയ് മാസത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ഉണ്ടായ എന്തോ വലിയ നേട്ടമെന്ന മട്ടിലാണ് ഇപ്പോഴത്തെ എംഎൽഎ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലം വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ച ഷിബു തെക്കുംപുറം, മുൻ സർക്കാരിന്റെ കാലത്തെ നേട്ടങ്ങളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ വ്യഗ്രത കാണിക്കുകയാണെന്നും കോതമംഗലത്തെ പൊതുസമൂഹം ഇത് തിരിച്ചറിയണമെന്നും ആന്റണി ജോൺ ആവശ്യപ്പെട്ടു.

​എല്ലാ അനാവശ്യ കുറ്റപ്പെടുത്തലുകളും നേരിട്ട് അപ്രോച്ച് റോഡിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയ വാളൂരാൻ വീട്ടിൽ അന്തരിച്ച സെബാസ്റ്റ്യൻ വർഗീസ്, ചിന്നമ്മ സെബാസ്റ്റ്യൻ ദമ്പതികൾക്കും മക്കളായ ജോസ് ജെ. വാളൂരാൻ, ജോർജ് ജെ. വാളൂരാൻ എന്നിവർക്കും ആന്റണി ജോൺ നന്ദി രേഖപ്പെടുത്തി.