അടിമാലി മൂന്നാർ റോഡിൽ വൻ പാറ വീണു പൂർണ്ണ ഗതാഗത നിരോധനം വാഹനങ്ങൾ തിരിച്ചുവിടും
അടിമാലി മൂന്നാർ ദേശീയപാതയിലെ രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി നിരോധിച്ചു. ബദൽ വഴികളും പുതിയ ഗതാഗത ക്രമീകരണങ്ങളും അറിയാം.
അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു, വാഹനങ്ങൾ തിരിച്ചുവിടും
മൂന്നാർ: കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി പൂർണ്ണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. ഇവ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ. തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പാതയിൽ ഗതാഗതവിലക്ക് ഏർപ്പെടുത്തിയത്.
ഗതാഗത ക്രമീകരണം:
മൂന്നാറിൽ നിന്ന് അടിമാലി ഭാഗത്തേക്ക്: രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലെത്താം.
അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകാം.
മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തു നിന്ന് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം.
സ്ഥലത്തെ തടസ്സങ്ങൾ നീക്കി മൂന്ന് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രോജക്ട് ഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. അപകടനില പൂർണ്ണമായും ഒഴിവായെന്ന് വിദഗ്ദ്ധ സാങ്കേതിക സമിതി ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ. പ്രദേശത്ത് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും രാത്രികാല സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുത്തനെ മണ്ണ് നീക്കുന്നതിന് (Vertical Cutting) പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിംഗ് (Bench Cutting) രീതി അവലംബിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
ദസറ കണ്ണൂരിന്റെ വികാരമായി മാറി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
സംഗീത ലോകത്തുനിന്ന് അഭിനയത്തിലേക്ക് റോക്ക്സ്റ്റാർ ദേവി ശ്രീ പ്രസാദിന്റെ യെല്ലമ്മ
സിപിഐ എം മൂവാറ്റുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസ് നവീകരിച്ച് പ്രവർത്തനം ആരംഭിച്ചു
കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
അഹമ്മദ് കബീർ കാളിദാസ് കൂട്ടുകെട്ട് മെനി മെനി ഹാപ്പി റിട്ടേൺസ് വിതരണാവകാശം ഭാവന സ്റ്റുഡിയോസിന്
കോസ്മിക് സാംസൺ വരുന്നു സന്ദീപ് പ്രദീപ് അഭിജിത് ജോസഫ് ഫാന്റസി ചിത്രം നവംബർ 27 ന് ആഗോള റിലീസ്