​കൊച്ചിയിൽ ഇനി വെള്ളക്കെട്ടില്ല ഓപ്പറേഷൻ ബ്രേക്ക്ത്രൂ ശുചീകരണം മെയ് 15 നകം, പ്ലാസ്റ്റിക് വിരുദ്ധ പരിശോധനയും ശക്തം

​കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി നേരിടുന്നതിനായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ശുചീകരണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

​കൊച്ചിയിൽ ഇനി വെള്ളക്കെട്ടില്ല ഓപ്പറേഷൻ ബ്രേക്ക്ത്രൂ ശുചീകരണം മെയ് 15 നകം, പ്ലാസ്റ്റിക് വിരുദ്ധ പരിശോധനയും ശക്തം
​കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്നതിനായുള്ള 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ' (OBT) പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പു പ്രതിനിധികളുടെ യോഗം ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്നപ്പോൾ.
​കൊച്ചിയിൽ ഇനി വെള്ളക്കെട്ടില്ല ഓപ്പറേഷൻ ബ്രേക്ക്ത്രൂ ശുചീകരണം മെയ് 15 നകം, പ്ലാസ്റ്റിക് വിരുദ്ധ പരിശോധനയും ശക്തം
​കൊച്ചിയിൽ ഇനി വെള്ളക്കെട്ടില്ല ഓപ്പറേഷൻ ബ്രേക്ക്ത്രൂ ശുചീകരണം മെയ് 15 നകം, പ്ലാസ്റ്റിക് വിരുദ്ധ പരിശോധനയും ശക്തം

ശുചീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദ്ദേശം

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്ന വില്പനക്കെതിരെ കർശന നടപടി 

കൊച്ചി:  കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഭീഷണി ഒഴിവാക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂ (OBT) പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 

​നഗരത്തിലെ കാനകളുടെയും തോടുകളുടെയും ശുചീകരണത്തിനായി പ്രത്യേക 'ക്ലീനിംഗ് കലണ്ടർ' തയ്യാറാക്കിയിട്ടുണ്ട്. ഏപ്രിൽ 1-ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ മേയ് 15-ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി കളക്ടറുടെയും ജൂനിയർ സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ സ്വതന്ത്ര പരിശോധനകൾ നടത്തും. 

​മുല്ലശ്ശേരി കനാലുമായി ബന്ധപ്പെട്ട് പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മാണത്തിന് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഫണ്ട് അനുവദിക്കാൻ തീരുമാനിച്ചു.

 കെഎസ്ഇബി, പിഡബ്ല്യുഡി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 1.24 കോടി രൂപ കോർപ്പറേഷൻ അനുവദിക്കും.

​ടി.പി കനാലിന്റെ ഒന്ന്, നാല് റീച്ചുകൾ പൂർത്തിയായി. രണ്ടും മൂന്നും റീച്ചുകൾ ഏപ്രിൽ 30-നകം പൂർത്തിയാക്കും. കനാൽ മുഖം വൃത്തിയാക്കുന്നത് മേയ് 15-നകം തീർക്കാൻ കോർപ്പറേഷന് നിർദ്ദേശം നൽകി.

​ കനാലുകളിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ എട്ടു സ്ഥലങ്ങളിൽ 1.5 കോടി രൂപ ചെലവിൽ 'ഫ്ലോട്ടിംഗ് ട്രാഷ് ബൂമുകൾ' സ്ഥാപിക്കും. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏപ്രിൽ 15-നകം ശുചീകരണം നടത്താനും കടകൾ പുനരധിവസിപ്പിക്കാനും തീരുമാനിച്ചു.

​ കമ്മട്ടിപ്പാടത്തെ കൾവർട്ടുകളുടെ നിർമ്മാണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കാൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകി. എന്നാൽ മറ്റ് 25 കൾവർട്ടുകളുടെ ശുചീകരണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നത് ഗൗരവമായി കാണുന്നതായി ജില്ലാ കളക്ടർ പറഞ്ഞു. 

​കലൂർ അറവുശാലയിൽ നിന്നുള്ള രക്തവും മാലിന്യവും വനപ്രദേശങ്ങളിലേക്കും ജലാശയങ്ങളിലേക്കും തള്ളുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ചേരാനല്ലൂരിൽ പുതിയ അറവുശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടർ പ്രത്യേകം യോഗം വിളിക്കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം കർശനമാക്കുന്നതിന്റെ ഭാഗമായി ഗോഡൗണുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്താനും തീരുമാനിച്ചു. ഇത്തരം പ്ലാസ്റ്റിക്ക് വസ്തുക്കൾ ആരോഗ്യത്തിനും പരിസ്ഥിക്കും വലിയ ദോഷം സൃഷ്ടിക്കുന്നതായി ജില്ലാ കളക്ടർ പറഞ്ഞു.

​നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ചോക്ക് പോയിന്റുകൾ തിരിച്ചറിയുന്നതിനും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുമായി കോർപ്പറേഷൻ, ഇറിഗേഷൻ, ദുരന്തനിവാരണ വിഭാഗം, പിഡബ്ല്യുഡി എന്നിവരുടെ സംയുക്ത വർക്ക്ഷോപ്പും സംഘടിപ്പിക്കും.  

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ചു മെയ് രണ്ടിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനമെടുക്കും. കോയിത്തറ കനാലിന്റെ തൽസ്ഥിതി റിപ്പോർട്ട്‌ സമർപ്പിക്കാൻ കോർപറേഷൻ സെക്രട്ടറിക്ക്‌ നിർദേശം നൽകി.