ചെന്നൈയിൽ ഇന്ന് പുതിയ ചരിത്രം സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
തമിഴക വെട്രി കഴകം നേതാവ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കളും സഖ്യകക്ഷി നേതാക്കളും പങ്കെടുക്കും.
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു ചരിത്രം കുറിച്ച് കൊണ്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ സി. ജോസഫ് വിജയ് ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈ പെരിയമേട്ടിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. വിജയ്‍യോടൊപ്പം 9 മന്ത്രിമാരും ഇന്ന് ചുമതലയേൽക്കും.5000 പേർക്ക് മാത്രമാണ് പ്രവേശനം.
59 വർഷമായി തമിഴ്‌നാട് ഭരിച്ചിരുന്ന ദ്രാവിഡ കക്ഷികളുടെ ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ടാണ് ഒരു ദ്രാവിഡ ഇതര സർക്കാർ തമിഴ്‌നാട്ടിൽ അധികാരമേറുന്നത് എന്നത് ഈ മാറ്റത്തെ ശ്രദ്ധേയമാക്കുന്നു. 1967-ന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് ഒരു മന്ത്രിസഭയുടെ ഭാഗമാകുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് മന്ത്രിസഭയിലെ കോൺഗ്രസ് പ്രതിനിധികൾ.
ഡിഎംകെ സഖ്യം വിട്ടെത്തിയ കോൺഗ്രസ് (5 സീറ്റ്), സിപിഐഎം (2 സീറ്റ്), സിപിഐ (2 സീറ്റ്), മുസ്‌ലിം ലീഗ് (2 സീറ്റ്), വിസികെ (2 സീറ്റ്) എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ കേവല ഭൂരിപക്ഷമായ 118 പിന്നിട്ട് 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിയത്. സിപിഐഎം, സിപിഐ, മുസ്‌ലിം ലീഗ് എന്നീ കക്ഷികൾ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്നാണ് പിന്തുണ നൽകുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
പൊതുഭരണം, ആഭ്യന്തരം, പോലീസ് എന്നീ പ്രധാന വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും എന്നാണ് സൂചന. ഇവരെ കൂടാതെ സാധ്യതാ പട്ടികയിലുള്ള ആധവ് അർജുന, എൻ. ആനന്ദ്, സി.ടി.ആർ. നിർമൽ കുമാർ, കെ.എ. സെക്കോട്ടയ്യൻ, കെ. അരുൺരാജ് എന്നിവരും മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും.