സാംബരാല യേതിഗട്ട്
സായ് ദുർഗ തേജിന്റെ സാംബരാല യേതിഗട്ട് ശ്രദ്ധേയമായി സംക്രാന്തി പോസ്റ്റർ
സായ് ദുർഗ തേജിന്റെ 'സാംബരാല യേതിഗട്ട്'; ശ്രദ്ധേയമായി സംക്രാന്തി പോസ്റ്റർ
കൊച്ചി: 'വിരൂപാക്ഷ', 'ബ്രോ' എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം സായ് ദുർഗ തേജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'സാംബരാല യേതിഗട്ടി'ന്റെ സംക്രാന്തി സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. രോഹിത് കെ.പി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ഒരു വലിയ വെള്ള കാളയോടൊപ്പം നഗ്നപാദനായി നടന്നുനീങ്ങുന്ന സായ് ദുർഗ തേജിന്റെ വേറിട്ട ലുക്കാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. ചിത്രത്തിന് വേണ്ടി താരം നടത്തിയ ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. 'ബാലി' എന്ന ശക്തമായ കഥാപാത്രത്തെയാണ് സായ് ദുർഗ തേജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഹനുമാൻ എന്ന ആഗോള ഹിറ്റിന് ശേഷം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അജനീഷ് ലോക്നാഥ് സംഗീതവും വെട്രിവെൽ പളനിസ്വാമി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ 'അസുര ആഗമന' എന്ന ഗ്ലിംപ്സ് വീഡിയോ വലിയ ആവേശമാണ് സിനിമാപ്രേമികൾക്കിടയിൽ സൃഷ്ടിച്ചിരുന്നത്

