സ്ത്രീകളെ ബഹുമാനിക്കുന്നതിനാൽ ഹേമ കമ്മിറ്റിയിൽ എന്റെ പേരില്ല
സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ പേര് ആരും പരാമർശിക്കാതിരുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
ഹേമ കമ്മിറ്റിയിൽ പേരാരും പറയാത്തത് സ്ത്രീകളോടുള്ള ബഹുമാനം കൊണ്ട്; കേന്ദ്ര വാഹന നിയമങ്ങൾ അതേപടി നടപ്പാക്കില്ല: മന്ത്രി കെ.ബി. ഗണേഷ് കുമാർ
തിരുവനന്തപുരം: സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായതിനാലാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തന്റെ പേര് ആരും പരാമർശിക്കാതിരുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ദൂരദർശനിലെ 'ഡിഡി ടോക്‌സ്' എന്ന അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദരവോടെയും ബഹുമാനത്തോടെയുമാണ് താൻ സ്ത്രീകളോട് ഇടപെടാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ സംസ്ഥാനത്ത് ഉടൻ നടപ്പാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമങ്ങൾ കർശനമാക്കുന്നത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെങ്കിലും, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ അവ അതേപടി നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല.
കേന്ദ്ര നിയമങ്ങളിൽ വരുത്താവുന്ന ലഘൂകരണങ്ങളെക്കുറിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണറുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ജനങ്ങൾക്ക് ആശ്വാസകരമായ രീതിയിൽ മാത്രമേ നടപടികൾ ഉണ്ടാവുകയുള്ളൂ എന്നും മന്ത്രി ഉറപ്പുനൽകി.

