കുടുംബശ്രീ ഓണം വിപണനമേള 3.15 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ്

കോഴിക്കോട് ജില്ലയിൽ കുടുംബശ്രീ സംഘടിപ്പിച്ച ഓണം വിപണന മേളകളിലൂടെ 3.15 കോടി രൂപയുടെ വിറ്റുവരവ് നേടി. 4,230 സംരംഭ യൂണിറ്റുകൾ പങ്കെടുത്ത മേളയുടെ പൂർണ്ണവിവരങ്ങൾ വായിക്കാം.

കുടുംബശ്രീ ഓണം വിപണനമേള 3.15 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

കുടുംബശ്രീ ഓണം മേളകൾ: കോഴിക്കോട് ജില്ലയിൽ 3.15 കോടി രൂപയുടെ വിറ്റുവരവ്

കോഴിക്കോട്: ഓണം വിപണിയിൽ തിളങ്ങി കുടുംബശ്രീ. കോഴിക്കോട് ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഓണം വിപണന മേളകളിലൂടെ ആകെ 3.15 കോടി രൂപയുടെ (3,15,07,517 രൂപ) വിറ്റുവരവ് നേടിയതായി ഐ&പിആർഡി ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 148 മേളകളാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടത്തിയത്. തദ്ദേശ സ്ഥാപന തലങ്ങളിലും കുടുംബശ്രീ സംവിധാനത്തിന് കീഴിലുമായി നടന്ന വിപണന മേളകളിൽ 4,230 കുടുംബശ്രീ സംരംഭ യൂണിറ്റുകൾ പങ്കാളികളായി.

​വിവിധ മേഖലകളിലെ വിറ്റുവരവ് കണക്കുകൾ:

​ജില്ലാതല മേള: നബാർഡിന്റെ സഹകരണത്തോടെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജില്ലാതല ഓണം വിപണനമേളയിൽ 12,48,115 രൂപയുടെ വിറ്റുവരവ് നേടി.

ഭക്ഷണശാല: കോഴിക്കോട് ബീച്ചിൽ സപ്ലൈകോ മെഗാ മേളയോടനുബന്ധിച്ച് ഒരുക്കിയ കുടുംബശ്രീ ഭക്ഷ്യമേളയിൽ 5,38,150 രൂപ നേടി.

​ഓണക്കിറ്റ് വിതരണം: സി.ഡി.എസ് സംവിധാനം വഴി വിതരണം ചെയ്ത 4,230 ഓണക്കിറ്റുകളിൽ നിന്നായി 22,41,500 രൂപ സമാഹരിച്ചു.

​ഓണസദ്യ & കാറ്ററിംഗ്: കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾക്ക് ലഭിച്ച 4,021 ഓണസദ്യ ഓർഡറുകളിലൂടെ 10,06,000 രൂപയുടെ വരുമാനമുണ്ടായി.

​പച്ചക്കറി കൃഷി (ഓണക്കനി): ജെ.എൽ.ജി കർഷകരുടെ നേതൃത്വത്തിൽ ഉൽപ്പാദിപ്പിച്ച 30,527 കിലോ പച്ചക്കറികൾ വിപണിയിലെത്തിച്ച് 29,18,705 രൂപയുടെ വിറ്റുവരവ് നേടി.

​പൂക്കൃഷി (നിറപൊലിമ): പൂക്കൃഷി പദ്ധതിയിലൂടെ 4,98,898 രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സ്വന്തമാക്കിയത്.

​ജില്ലയിലെ കുടുംബശ്രീ സംരംഭകർക്ക് മെച്ചപ്പെട്ട വിപണി ഉറപ്പാക്കുക, ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുക, വഴി സംരംഭകരുടെ വരുമാനം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഓണം വിപണന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സി.ഡി.എസ്, വിവിധ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് ഓണം വിപണി വിജയകരമായി പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി