എഫ്സിആർഎ ചട്ടങ്ങളിൽ വൻ ഭേദഗതി വിദേശ സഹായം കൈപ്പറ്റുന്ന സംഘടനകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ചട്ടങ്ങൾ കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തുന്നതും പ്രസിദ്ധീകരണങ്ങളുടെ വിവരങ്ങൾ നൽകുന്നതും ഉൾപ്പെടെ കടുത്ത നിബന്ധനകളും പിഴകളുമാണ് പുതിയ ഭേദഗതിയിലുള്ളത്.

എഫ്സിആർഎ ചട്ടങ്ങളിൽ വൻ ഭേദഗതി വിദേശ സഹായം കൈപ്പറ്റുന്ന സംഘടനകൾക്ക് കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ
ലോകസഭ

വിദേശ ഫണ്ട് ചട്ടങ്ങൾ കടുപ്പിച്ചു കേന്ദ്രം; സോഷ്യൽ മീഡിയ അക്കൗണ്ടുകളും ലേഖനങ്ങളും വെളിപ്പെടുത്തണം, ലംഘിച്ചാൽ കനത്ത പിഴ

ന്യൂഡൽഹി: വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്സിആർഎ) ചട്ടങ്ങൾ കേന്ദ്രസർക്കാർ വിപുലമായി ഭേദഗതി ചെയ്തു. നിയമലംഘനങ്ങൾക്കുള്ള പിഴ വ്യവസ്ഥകൾ കടുപ്പിച്ചതിനൊപ്പം, വിദേശ ഫണ്ട് കൈപ്പറ്റുന്ന സംഘടനകളുടെ സുതാര്യത ഉറപ്പാക്കാനുള്ള നിർണായക നിബന്ധനകളും പുതിയ ഉത്തരവിലുണ്ട്.

​പുതിയ ചട്ടപ്രകാരം എഫ്സിആർഎ റജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ തങ്ങളുടെ വെബ്‌സൈറ്റുകൾക്ക് പുറമേ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങളും ഇനി സർക്കാരിനെ അറിയിക്കണം. കൂടാതെ, സ്ഥാപനമോ അതിലെ ഭാരവാഹികളോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടത്തിയ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ വാർഷിക റിട്ടേണിൽ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. പുസ്തകങ്ങളും മാസികകളും മാത്രമല്ല, പത്രങ്ങളിൽ എഴുതിയ ലേഖനങ്ങൾ വരെ ഇത്തരത്തിൽ വെളിപ്പെടുത്തുകയും അതിന്റെ ഉള്ളടക്കത്തിന്റെ ചുരുക്കം സമർപ്പിക്കുകയും വേണം.

​പിഴ വ്യവസ്ഥകൾ ഇങ്ങനെ:

അനുവദിക്കപ്പെട്ട കാര്യങ്ങൾക്കല്ലാതെ എഫ്സിആർഎ ഫണ്ട് വകമാറ്റി ഉപയോഗിച്ചാൽ കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴ ഈടാക്കും. ദുരുപയോഗം ചെയ്ത തുക ഒരു ലക്ഷത്തിന് മുകളിലാണെങ്കിൽ അതിന്റെ 30 ശതമാനം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ഭരണപരമായ ചെലവുകൾ നിശ്ചിത പരിധി വിട്ടാലോ, വിദേശത്തുനിന്ന് ലഭിച്ച തുക ഊഹക്കച്ചവടങ്ങളിൽ (Speculative Investments) നിക്ഷേപിച്ചാലോ മിനിമം ഒരു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരും.

​മറ്റു പ്രധാന ഭേദഗതികൾ:

​വിദേശ പൗരന്മാർക്ക് നിയന്ത്രണം: ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരന്മാർ ഭരണസമിതിയിലുള്ള സംഘടനകൾക്ക് സാധാരണ നിലയിൽ ഇനി എഫ്‌സിആർഎ റജിസ്ട്രേഷൻ നൽകില്ല. അതീവ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ കേന്ദ്രസർക്കാർ ഇതിൽ ഇളവ് അനുവദിക്കൂ.

​പുതുക്കുന്നതിന് പുതിയ പരിധി: പ്രവർത്തനരഹിതമായ സ്ഥാപനങ്ങൾ ലൈസൻസ് കൈവശം വെക്കുന്നത് തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തി. എഫ്സിആർഎ റജിസ്ട്രേഷൻ പുതുക്കണമെങ്കിൽ കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വിദേശ സഹായം കൈപ്പറ്റി ചെലവഴിച്ചിരിക്കണം.

​മുൻകൂർ അനുമതിക്ക് കർശന ഉപാധികൾ: ഒറ്റത്തവണയായി വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള മുൻകൂർ അനുമതി വ്യവസ്ഥകളും കടുപ്പിച്ചു. ലഭിക്കുന്ന ആദ്യ ഗഡു സംഭാവനയുടെ 75 ശതമാനവും കൃത്യമായി ഉപയോഗിച്ചുവെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ മാത്രമേ അടുത്ത ഗഡുക്കൾ അനുവദിക്കൂ.

​പ്രവർത്തനമേഖല മാറ്റാൻ അനുമതി വേണം: ആദ്യം സർക്കാരിനെ അറിയിച്ച പ്രവർത്തനമേഖലയിലോ സംസ്ഥാനങ്ങളിലോ മാറ്റം വരുത്തണമെങ്കിൽ ഗവേണിങ് ബോർഡിന്റെ പ്രമേയം സഹിതം പ്രത്യേക അപേക്ഷ നൽകണം. ഈ അപേക്ഷകൾ തള്ളാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടാകും.