വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളർച്ചയാണ് സർക്കാർ ലക്ഷ്യം മന്ത്രി എൻ. ഷംസുദ്ദീൻ
ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കാൻ സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയറുകളും എഐ പഠനത്തിനായി എറൈസ് പദ്ധതിയും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇടുക്കിയിലെ അധ്യാപകർക്ക് അനുമോദനം.
വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളർച്ചയാണ് സർക്കാർ ലക്ഷ്യം: മന്ത്രി എൻ. ഷംസുദ്ദീൻ
തൊടുപുഴ: സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രവും സർവ്വതോന്മുഖവുമായ വളർച്ച ലക്ഷ്യമിടുന്ന വൈവിധ്യമാർന്ന പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് തൊടുപുഴ ഉത്രം റസിഡൻസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന പുതിയ കാലത്ത് സ്കൂളുകൾ തമ്മിലുള്ള 'ഡിജിറ്റൽ ഡിവൈഡ്' ഒഴിവാക്കാൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും 'ഡിജിറ്റൽ സ്ക്വയറുകൾ' സ്ഥാപിക്കും. ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ ഇന്റർനെറ്റ് സ്പീഡും ലഭ്യതയും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
ഹൈസ്കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക് സയൻസ് എന്നിവ പരിചയപ്പെടുത്തുന്നതിനായി 'എറൈസ്' (ARISE) പദ്ധതിക്കും, കുട്ടികളെ നീന്തൽ പഠിപ്പിക്കുന്നതിനായി 'അക്വാഫിറ്റ്' (AQUAFIT) പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഒരു നീന്തൽക്കുളത്തിന് 5 കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിലെ കുട്ടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദഗ്ദ്ധ ട്രെയിനർമാരെ ഉപയോഗിച്ച് നീന്തൽ പരിശീലനം നൽകുന്നതാണ് അക്വാഫിറ്റ് പദ്ധതി.
ഹയർസെക്കൻഡറി പരീക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച ഇടുക്കി ജില്ലയിലെ അധ്യാപകരെയും വിദ്യാർത്ഥികളെയും മന്ത്രി പ്രശംസിച്ചു. ഡീൻ കുര്യാക്കോസ് എം.പിയുടെ 'റൈസ്' (RISE) പദ്ധതിയുടെ ഭാഗമായാണ് അനുമോദന സമ്മേളനം സംഘടിപ്പിച്ചത്.
ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ചു. ബാബു എബ്രഹാം മുഖ്യാതിഥിയായിരുന്നു. സിറിയക് തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. മുഹമ്മദ് അൻഷാദ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കർ തുടങ്ങിയവരും ജനപ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.