കളരിപ്പയറ്റും ഡാറ്റ അനലിറ്റിക്സും അടക്കം പുതിയ കോഴ്‌സുകളുമായി കണ്ണൂർ സർവകലാശാല പി.എം ഉഷ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പി.എം ഉഷ (PM USHA) പദ്ധതിപ്രകാരം നവീകരിച്ച വിവിധ സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ, സമൂഹത്തിന് ഉപകാരപ്രദമായ കോഴ്‌സുകൾക്ക് സർവകലാശാലകൾ മുൻഗണന നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആവശ്യപ്പെട്ടു. വിദ്യാർഥികൾ വിദേശത്തേക്ക് പോകുന്ന പ്രവണത ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
സമൂഹത്തിനും ജനങ്ങൾക്കും വേണ്ട കോഴ്‌സുകളാണ് സർവകലാശാലകളിൽ വേണ്ടത്: ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ
കണ്ണൂർ: സമൂഹത്തിനും നാടിനും ജനങ്ങൾക്കും ആവശ്യമുള്ള കോഴ്‌സുകളാണ് സർവകലാശാലകളിൽ പഠിപ്പിക്കേണ്ടതെന്ന് ഗവർണറും സർവകലാശാല ചാൻസിലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ പി.എം ഉഷ (PM-USHA) പദ്ധതിപ്രകാരം നവീകരിച്ച സർവകലാശാല സെനറ്റ് ഹാൾ, സെമിനാർ ഹാൾ, 40 സ്മാർട്ട് ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 വർഷം പൂർത്തിയാക്കിയ കണ്ണൂർ സർവകലാശാല വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ ഗവർണർ അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് വീണ്ടുമൊരു വലിയ കുതിച്ചുചാട്ടം വേണ്ട സമയമാണിതെന്നും അതിന് ദിശയൊരുക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രൊഫഷണൽ കോഴ്‌സുകളിലും 50 ശതമാനം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് വൈസ് ചാൻസിലർമാർ പറയുന്നു. എന്തുകൊണ്ട് ഇത് സംഭവിക്കുന്നുവെന്ന് ആത്മപരിശോധന നടത്തണം. ഇത് തടയാനും വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശ നാടുകളിലേക്ക് പോകുന്ന പ്രവണത ചെറുക്കാനും എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നാമോരോരുത്തരും കൂട്ടായി ചിന്തിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
അധ്യാപന കാര്യത്തിൽ യു.ജി.സിയുടെ (UGC) മാനദണ്ഡങ്ങൾ സ്വകാര്യ കോളേജുകൾ കർശനമായി പാലിക്കണമെന്ന് ഗവർണർ ഓർമിപ്പിച്ചു. യോഗ്യതയില്ലാത്ത അധ്യാപകരെക്കുറിച്ചുള്ള പരാതികൾ ചാൻസിലർ എന്ന നിലയിൽ തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ കെ സാജു, രജിസ്ട്രാർ ഡോ. ജോബി കെ ജോസ് എന്നിവർ സംസാരിച്ചു.
പുതിയ കോഴ്‌സുകൾക്ക് തുടക്കമായി
സർവകലാശാല പുതുതായി ആരംഭിക്കുന്ന വൈവിധ്യമാർന്ന കോഴ്‌സുകളുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.
എം.എസ്.ഡബ്ല്യു ലൈഫ് ലോങ്ങ് ലേണിംഗ്
ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കളരിപ്പയറ്റ്
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കളരിപ്പയറ്റ്
ഡിപ്ലോമ പ്രോഗ്രാം ഇൻ തിയോളജി
എഇഡിപി പ്രോഗ്രാം ഇൻ വുഡ് സയൻസ് ആൻഡ് ടെക്‌നോളജി
സംസ്‌കൃത ബിരുദ-ബിരുദാനന്തര കോഴ്‌സ്
ഐബിഎം ക്യുറേറ്റഡ് എംബിഎ പ്രോഗ്രാം ഇൻ ഡാറ്റ അനലിറ്റിക്‌സ്
പുരസ്‌കാര സമർപ്പണം
മികച്ച എൻ.എസ്.എസ് (NSS) യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, കണ്ണൂർ കൃഷ്ണമേനോൻ ഗവ. വനിത കോളേജ്, പയ്യന്നൂർ കോളേജ്, ഡബ്ല്യു. എം.ഒ ഇമാം ഗസ്സാലി ആർട്‌സ് ആൻഡ് സയൻസ് കോളേജ് പനമരം, പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മട്ടന്നൂർ എന്നിവർ ഗവർണറിൽ നിന്ന് സ്വീകരിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ ഗീതിക യു. കെ (എസ്എൻ കോളേജ് കണ്ണൂർ), പൃഥ്വി പവിത്രൻ (ബ്രണ്ണൻ കോളേജ് തലശ്ശേരി) എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
നേരത്തെ സർവകലാശാലയുടെ താവക്കര ക്യാംപസിൽ കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ സ്ഥാപിച്ച ഫോക് ലോർ ആർട്ട് ഗാലറിയുടെയും, കേരള സ്റ്റേറ്റ് ഹാൻഡ് ലൂം ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ സഹകരണത്തോടെ സ്ഥാപിച്ച കൈത്തറി മ്യൂസിയത്തിന്റെയും ഉദ്ഘാടനം ചാൻസിലർ നിർവഹിച്ചിരുന്നു.

