‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ
എറണാകുളം മണ്ഡലത്തിലെ 38 സ്കൂളുകളിൽ 8,600 ലധികം കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന ‘ഗുഡ് മോണിംഗ് എറണാകുളം’ പദ്ധതി പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
എറണാകുളത്തെ ‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ
എറണാകുളം: 38 സ്‌കൂളുകളിൽ 8,600-ലധികം വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം; ടി.ജെ. വിനോദ് എം.എൽ.എയുടെ ജനകീയ പദ്ധതിക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം .സാമ്പത്തിക പ്രയാസങ്ങളാലോ മാതാപിതാക്കളുടെ ജീവിതത്തിരക്കുകളാലോ പ്രഭാതഭക്ഷണം കഴിക്കാതെ ഒരു കുട്ടിയും സ്കൂളിലെത്തേണ്ട സാഹചര്യമുണ്ടാകരുതെന്ന ലക്ഷ്യത്തോടെ എറണാകുളം എം.എൽ.എ ടി.ജെ. വിനോദിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഗുഡ് മോണിംഗ് എറണാകുളം’ പ്രഭാതഭക്ഷണ പദ്ധതി സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ. എറണാകുളം നിയോജക മണ്ഡലത്തിൽ വിജയകരമായി നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇത്തരമൊരു പദ്ധതി മറ്റ് മണ്ഡലങ്ങൾക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ടി.ജെ. വിനോദ് എം.എൽ.എ ആവിഷ്കരിച്ച പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം നിയോജക മണ്ഡലത്തിലെ 38-ഓളം സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 8,000-ലധികം വിദ്യാർത്ഥികൾക്കാണ് പദ്ധതിയിലൂടെ പ്രഭാതഭക്ഷണം ലഭ്യമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും മാതാപിതാക്കളുടെ തിരക്കുകൾ കാരണം രാവിലെ ഭക്ഷണം കഴിക്കാൻ കഴിയാത്ത കുട്ടികൾക്കും പദ്ധതി വലിയ ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.
വളരുന്ന കുട്ടികളുടെ ആരോഗ്യത്തിനും പഠനത്തിനും പോഷകസമ്പന്നമായ പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണ്. ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം, വിശപ്പുമൂലം പഠനത്തിൽ പിന്നാക്കം നിൽക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന സാമൂഹിക ഉത്തരവാദിത്തമാണ് ടി.ജെ. വിനോദ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള പദ്ധതിയിലൂടെ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പി.എം. പോഷൺ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ പ്രഭാതഭക്ഷണം ഉൾപ്പെടുത്തുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതി ഹയർ സെക്കൻഡറി തലം വരെ ദീർഘിപ്പിക്കുന്നതിനുള്ള കർമപദ്ധതിയും സർക്കാർ ആവിഷ്കരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ മേഖലയ്ക്ക് പിന്തുണ നൽകുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന് സി.എസ്.ആർ ഫണ്ട് നൽകാൻ സന്നദ്ധരായ ബി.പി.സി.എൽ., ജിയോജിത് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. ഇവരുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തിയാണ് ‘ഗുഡ് മോണിംഗ് എറണാകുളം’ പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കിയ വിവിധ പരിഷ്കാരങ്ങളും മന്ത്രി വിശദീകരിച്ചു. എൽ.പി. സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ, ഹൈസ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പഠനം, കായിക മിത്രം പദ്ധതിയിലൂടെ സ്പോർട്സ് കിറ്റുകളുടെ വിതരണം, നീന്തൽ പരിശീലനത്തിനായുള്ള അക്വാറ്റിക്സ് പദ്ധതി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മലയോര, തീരദേശ മേഖലകളിൽ പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ കണ്ടെത്തി തിരികെ സ്കൂളുകളിലെത്തിക്കുന്നതിനുള്ള പ്രത്യേക കർമപരിപാടികളും നടപ്പിലാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെയും അധ്യാപകരുടെയും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. പ്ലസ് വൺ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി ഇംപ്രൂവ്മെന്റ്/സേ പരീക്ഷകൾ ഒക്ടോബറിൽ നടത്താനുള്ള തീരുമാനം, ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നതിനായി വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിച്ച് അവധി അനുവദിച്ചത് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കെ-ടെറ്റ് വിഷയത്തിൽ സുപ്രീം കോടതിയിൽ ക്യുറേറ്റീവ് പെറ്റീഷൻ നൽകുന്നതിനും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അപ്രൂവൽ പ്രതിസന്ധികൾക്ക് ജില്ലാടിസ്ഥാനത്തിൽ റോസ്റ്റർ തയ്യാറാക്കി പരിഹാരം കാണുന്നതിനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഗുഡ് മോണിംഗ് എറണാകുളം പദ്ധതി എന്ന് അധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം എൽ എ പറഞ്ഞു. കുട്ടികളുടെ ആരോഗ്യവും പഠനവും ക്ഷേമവും ഒരുപോലെ ഉറപ്പാക്കുന്നതിനൊപ്പം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്ന തോന്നലില്ലാതെ ആത്മാഭിമാനത്തോടെ പ്രഭാതഭക്ഷണം കഴിച്ച് പഠനത്തിനെത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.
ഹൈബി ഈഡൻ എം.പി., മേയർ വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ബഷീറലി ശിഹാബ് തങ്ങൾ, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, ഡി.ഡി.ഇ സുബിൻ പോൾ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജിസ്മി ജെറാൾഡ്, സീന ഗോകുലൻ, ടി.കെ അഷറഫ്, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ബിപിസിഎൽ ജി.എം മേഘനാഥൻ, സീനിയർ മാനേജർമാരായ രാജീവ്, വിനോദ് മാത്യു, ജിയോജിത്ത് സി.എസ്.ആർ അസിസ്റ്റന്റ് മാനേജർ ദീപക്ക് ജോൺ, നിഷാഫ് മുഹമ്മദ്, സാജിത ബീവി, ലാജിത് എസ്., ആൽഫിൻ പോൾ, ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ