ഓപ്പറേഷൻ തൂഫാൻ കോടനാട് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോടനാട് കാവുംപുറത്ത് രാസലഹരിയായ എം.ഡി.എം.എയുമായി വെണ്ണല സ്വദേശി അനന്ദു പിടിയിൽ. പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഓപ്പറേഷൻ തൂഫാൻ: കോടനാട് രാസലഹരിയുമായി യുവാവ് പിടിയിൽ
കോടനാട്: 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി, എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്ദുവിനെയാണ് (27) പെരുമ്പാവൂർ എ.എസ്.പി.യുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും ചേർന്ന് കോടനാട് കാവുംപുറത്തുനിന്ന് പിടികൂടിയത്.
ഇയാളിൽനിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 0.556 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങിനടന്ന് രാത്രികാലങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു ഇയാൾ. കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്ന അനന്ദുവിനെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കുറച്ചുനാളുകളായി അന്വേഷണസംഘം നിരീക്ഷണത്തിലായിരുന്നു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.
2019-ൽ ഒന്നര കിലോ കഞ്ചാവുമായി പാലക്കാട് എക്സൈസ് സംഘം അനന്ദുവിനെ പിടികൂടിയിട്ടുണ്ട്. പെരുമ്പാവൂർ എ.എസ്.പി. ഹാർദിക് മീണ, കോടനാട് ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്.ഐ. വി.പി. ശിവദാസ്, എ.എസ്.ഐ.മാരായ പി.എ. അബ്ദുൽ മനാഫ്, എം.സി. ചന്ദ്രലേഖ, സെബി ആൻറണി, പ്രസീൻ രാജ്, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.