എറണാകുളം ജില്ലയിൽ മണ്ണുമാഫിയയുടെ തേർവാഴ്ച ഭൗമദിനത്തിലും മലയിടിച്ചിലും പാടം നികത്തലും വ്യാപകം
എറണാകുളം ജില്ലയിലെ മുളന്തുരുത്തി, ആമ്പല്ലൂർ മേഖലകളിൽ കുന്നിടിക്കലും നിലംനികത്തലും രൂക്ഷമാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ പ്രതിഷേധത്തിൽ.
ഭൗമദിനത്തിലും ഭൂമിയെ കാർന്നുതിന്ന് മണ്ണുമാഫിയ; കുന്നിടിക്കലും പാടം നികത്തലും വ്യാപകം
മുളന്തുരുത്തി: ഭൂമി സംരക്ഷിക്കണമെന്ന സനദേശവുമായി നാടെങ്ങും ഭൗമദിനം ആചരിക്കുമ്പോഴും മുളന്തുരുത്തി മേഖലയിൽ മണ്ണുമാഫിയയുടെ അഴിഞ്ഞാട്ടം. മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകളിലാണ് വ്യാപകമായി മണ്ണെടുപ്പും നിലംനികത്തലും നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തിരക്കുകളിൽ ഉദ്യോഗസ്ഥർ മുഴുകിയിരിക്കുന്നത് മറയാക്കി, അവരുടെ ഒത്താശയോടെയാണ് മണ്ണുമാഫിയയുടെ പ്രവർത്തനമെന്ന് ആക്ഷേപമുയരുന്നു.
പുളിക്കമാലി, ആരക്കുന്നം, എടയ്ക്കാട്ടുവയൽ, കൈപ്പട്ടൂർ മേഖലകളിലാണ് രാത്രിയും പകലും വ്യത്യാസമില്ലാതെ തകൃതിയായി മണ്ണെടുപ്പ് തുടരുന്നത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് പ്രവർത്തനമെന്ന് അവകാശപ്പെടുമ്പോഴും, പ്രദേശത്തെ പരിസ്ഥിതി ആഘാതമോ രൂക്ഷമായ ശുദ്ധജലക്ഷാമമോ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. നിബന്ധനകൾ കാറ്റിൽപ്പറത്തിയാണ് പലയിടത്തും ഖനനം. ഒരു ലോഡിനുള്ള പാസ് ഉപയോഗിച്ച് ദിവസം മുഴുവൻ സർവീസ് നടത്തി പാസുകൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
പിടിമുറുക്കി മാഫിയ; ആമ്പല്ലൂരിൽ പാടം നികത്തൽ
മുൻ ഭരണസമിതിയുടെ കർശന നിലപാടുകൾ കാരണം മണ്ണെടുപ്പും പാടം നികത്തലും കുറഞ്ഞ ആമ്പല്ലൂർ പഞ്ചായത്തിൽ ഭരണം മാറിയതോടെ മാഫിയ സംഘം വീണ്ടും സജീവമായി. തീരദേശ റോഡിനോട് ചേർന്നുള്ള പാടശേഖരങ്ങൾ നികത്താനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്താത്തത് ഇവർക്ക് തണലാകുന്നു.
വറ്റിവരണ്ട് കിണറുകൾ; കുടിവെള്ളമില്ലാതെ ജനം
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കുന്നുകൾ ഇടിച്ചുനിരത്തപ്പെട്ടത് മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ മേഖലകളിലാണ്. ഇതിന്റെ ദുരന്തഫലം ഇപ്പോൾ ജനങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. വേനൽ കനത്തതോടെ പ്രദേശത്തെ ജലസ്രോതസ്സുകളെല്ലാം വറ്റി. വേനലിലും വറ്റാത്ത ഉറവകളുണ്ടായിരുന്ന കിണറുകൾ പോലും ഇപ്പോൾ വെറും ചരൽക്കുഴികളായി മാറി. ഭൂഗർഭ ജലനിരപ്പിനെ ബാധിക്കുന്ന ഖനന പ്രവർത്തനങ്ങൾക്ക് അടിയന്തരമായി നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ജനജീവിതം ദുസ്സഹമാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

