കോട്ടയം, ആലപ്പുഴ ജില്ലകളിൽ വൈദ്യുതി വിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജ്ജിത നടപടി മന്ത്രി സണ്ണി ജോസഫ്

കോട്ടയം, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി വിതരണ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാൻ മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ കർശന നിർദ്ദേശം.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ വൈദ്യുതി വിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജ്ജിത നടപടി മന്ത്രി സണ്ണി ജോസഫ്
കോട്ടയം, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി വിതരണവുമായി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളി ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സംസാരിക്കുന്നു.

​കോട്ടയം, ആലപ്പുഴ ജില്ലകളിൽ വൈദ്യുതി വിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ഊർജ്ജിത നടപടി: മന്ത്രി സണ്ണി ജോസഫ്

കോട്ടയം: കോട്ടയം, ആലപ്പുഴ ജില്ലകളിൽ നേരിടുന്ന വൈദ്യുതി വിതരണ പ്രശ്നങ്ങൾക്ക് അടിയന്തരവും ഊർജ്ജിതവുമായ പരിഹാരം കാണാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിർദ്ദേശിച്ചു. ഇരു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകനം ചെയ്യുന്നതിനായി പള്ളം ഡാം സേഫ്റ്റി ഹാളിൽ ചേർന്ന എം.എൽ.എമാരുടെയും കെ.എസ്.ഇ.ബി. ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എം.എൽ.എമാരുടെ നേതൃത്വത്തിലുള്ള നിയോജക മണ്ഡലം സമിതികളും തദ്ദേശ സ്ഥാപനതല സമിതികളും അടിയന്തരമായി സജീവമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുൻകൈ എടുത്ത് മൂന്ന് മാസത്തിലൊരിക്കൽ ഈ സമിതികളുടെ യോഗം ചേർന്ന് പ്രാദേശിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം. കുട്ടനാട് നിയോജക മണ്ഡലത്തിലെ സവിശേഷ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

​ജനങ്ങളോട് സൗഹാർദ്ദ സമീപനം, മികച്ച ആശയവിനിമയം

​വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ ജനങ്ങളെ മുൻകൂട്ടി വിവരങ്ങൾ അറിയിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. പ്രാദേശിക കേബിൾ ചാനലുകൾ, മാധ്യമങ്ങൾ എന്നിവയ്ക്ക് പുറമെ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളും ഇതിനായി സജീവമാക്കണം. പരാതികളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെടുന്നവരോട് ഉദ്യോഗസ്ഥർ സൗഹാർദ്ദപരമായി പെരുമാറണം. ഫീൽഡ് സ്റ്റാഫിന്റെ കുറവ് പരിഹരിക്കാൻ പ്രാദേശിക നടപടികൾ സ്വീകരിക്കുമെന്നും, മരച്ചില്ലകൾ വെട്ടുന്നതുമായി (ടച്ചിംഗ്) ബന്ധപ്പെട്ട ജനങ്ങളുടെ പരാതികൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

​സബ് സ്റ്റേഷനുകളും വികസന പദ്ധതികളും വേഗത്തിലാക്കും

​കോട്ടയം ജില്ലയിലെ കുമരകം, അയ്മനം, തിരുവാർപ്പ് മേഖലകളിലും ആലപ്പുഴയിലെ കുട്ടനാട്, ഹരിപ്പാട് മേഖലകളിലും വൈദ്യുതി മുടക്കം പതിവാകുന്നതിന് പരിഹാരമായി സബ് സ്റ്റേഷനുകൾ നിർമിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ നീക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

​യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യങ്ങൾ:

​കുട്ടനാട് കണക്ഷൻ പ്രശ്നം: ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിന്റെ പേരിൽ കുട്ടനാട്ടിലെ വഴിയോരക്കച്ചവടക്കാർക്കും താമസക്കാർക്കും വൈദ്യുതി നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കുക.

​അരൂർ-തുറവൂർ കേബിൾ അറ്റകുറ്റപ്പണി: ദേശീയപാത നിർമാണത്തിനിടെ തകരാറിലായ ഭൂഗർഭ വൈദ്യുത കേബിളുകൾ അടിയന്തരമായി നന്നാക്കുക.

​പദ്ധതി പൂർത്തീകരണം: കോട്ടയം ജില്ലാ പഞ്ചായത്ത് ഫണ്ട് നൽകിയ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി യുട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകുക.

​യോഗത്തിൽ എം.എൽ.എമാരായ റെജി ചെറിയാൻ, അഡ്വ. ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, പ്രൊഫ. റോണി കെ. ബേബി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ എന്നിവരും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പ്രതിനിധി അഡ്വ. കെ. ഉമേശൻ, കെ.എസ്.ഇ.ബി ചീഫ് എൻജിനീയർമാരായ ആർ.ആർ. ബിജു (സൗത്ത് സോൺ), കെ. ദിനേഷ് (സെൻട്രൽ സോൺ) തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.