ഭീകരർക്ക് ബിരിയാണി നൽകി സൽക്കരിച്ചു മമതയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ബംഗാളിലെ അഴിമതിക്കാരെ തലകീഴായി കെട്ടിത്തൂക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും പശ്ചിം ബർധമാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പ്രഖ്യാപിച്ചു.

ഭീകരർക്ക് ബിരിയാണി നൽകി സൽക്കരിച്ചു മമതയ്ക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ബംഗാളിലെ അഴിമതിക്കാരെ തലകീഴായി കെട്ടിത്തൂക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും പശ്ചിം ബർധമാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ

ബാംഗ്ലൂർ : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കോൺഗ്രസിനുമെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിം ബർധമാനിൽ സംഘടിപ്പിച്ച ബിജെപിയുടെ വൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളിൽ കോൺഗ്രസും മമത ബാനർജിയും ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഭീകരർക്കെതിരെ കർശന നടപടിയെടുക്കുന്നതിന് പകരം അവർക്ക് ബിരിയാണി നൽകി സൽക്കരിക്കുകയായിരുന്നു ഇവർ ചെയ്തതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പിന്തുണച്ചിരുന്ന മൻമോഹൻ സിങ് സർക്കാർ പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കെതിരെ ഒരിക്കലും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഈ സ്ഥിതി മാറിയെന്നും പഹൽഗാം ആക്രമണത്തിന് പിന്നാലെ 'ഓപ്പറേഷൻ സിന്ദൂർ' വഴി പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

​ബംഗാളിലെ നിലവിലെ ഭരണകൂടത്തിന് കീഴിലുള്ള സിൻഡിക്കേറ്റ് രാജിനും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പാണ് അമിത് ഷാ നൽകിയത്. സംസ്ഥാനത്തെ അഴിമതിക്കാരെ ബിജെപി അധികാരത്തിൽ വന്നാൽ തലകീഴായി കെട്ടിത്തൂക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മമത സർക്കാരിനെ ഭരണത്തിൽ നിന്ന് പുറത്താക്കാൻ ബംഗാളിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ബിജെപി പ്രവർത്തകർക്കെതിരെ അക്രമം അഴിച്ചുവിടുന്ന തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. ഏപ്രിൽ 23-ന് ഇത്തരക്കാർ വീടിന് പുറത്തിറങ്ങരുത്. അല്ലാത്തപക്ഷം മെയ് 4-ഓടെ ഓരോ അക്രമിയെയും തിരഞ്ഞുപിടിച്ച് ജയിലിലടയ്ക്കും. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നതിൽ സംശയമില്ലെന്നും ഈ മണ്ണിൽ ജനിച്ചു വളർന്ന ഒരാൾ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്നും അമിത് ഷാ വ്യക്തമാക്കി. നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി രാജ്യത്തിന് പുറത്താക്കുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഉറപ്പിച്ചു പറഞ്ഞു.