ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് വിപുലമായ ഒരുക്കങ്ങൾ പുലർച്ചെ 2.55 മുതൽ കണി കാണാം ഭക്തർക്ക് മേൽശാന്തിയുടെ കൈനീട്ടവും പായസസദ്യയും
വിഷുവിനോടനുബന്ധിച്ച് ഭക്തർക്കായി ദേവസ്വം വക വിപുലമായ നമസ്കാര സദ്യ ഒരുക്കിയിട്ടുണ്ട്. സദ്യയിൽ പാൽപായസം വിശേഷമായി വിളമ്പും. രാവിലെയും ഉച്ചതിരിഞ്ഞും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രിയിൽ നാഗസ്വര മേളത്തോടെയുള്ള വിളക്കെഴുന്നള്ളിപ്പും നടക്കും. ശശി മാരാരും കക്കാട് രാജപ്പൻ മാരാരും മേളത്തിന് നേതൃത്വം നൽകും.
ഗുരുവായൂർ: ഐശ്വര്യത്തിന്റെ പ്രഭ ചൊരിഞ്ഞ് ഗുരുവായൂരപ്പനെ കണികാണാൻ ഭക്തലക്ഷങ്ങൾ എത്തുന്നു. വിഷുദിനമായ നാളെ പുലർച്ചെ 2.55 മുതൽ ഒരു മണിക്കൂർ നേരമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ദേവസ്വം ഭരണസമിതിയും പോലീസും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കണി ദർശനവും ചടങ്ങുകളും
രാത്രി 2 മണിക്ക് ശേഷം മേൽശാന്തി ടി.എം. കൃഷ്ണൻ നമ്പൂതിരി സ്വന്തം മുറിയിൽ കണി കണ്ട്, കുളിച്ച് ശുദ്ധിയായി എത്തി ശ്രീലകവാതിൽ തുറക്കും. തുടർന്ന് ഭഗവാനെ കണികാണിച്ച ശേഷം ഭക്തർക്കായി നട തുറക്കും. നാലമ്പലത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ നമസ്കാര മണ്ഡപത്തിലെ കണിയും സോപാനത്തിന് മുന്നിലെത്തിയാൽ ഭഗവാന്റെ തങ്കത്തിടമ്പും കണിക്കോപ്പുകളും ഒരുമിച്ച് ദർശിക്കാവുന്ന വിധത്തിലാണ് ക്രമീകരണം. പുലർച്ചെ 2.55 മുതൽ 3.55 വരെ കണി ദർശനം നടത്തുന്ന ഭക്തർക്ക് മേൽശാന്തി നേരിട്ട് വിഷുക്കൈനീട്ടം നൽകും. ഇതിനുശേഷം നിർമാല്യം, വാകച്ചാർത്ത്, അഭിഷേക ചടങ്ങുകൾ എന്നിവ നടക്കും.
പ്രത്യേക നിയന്ത്രണങ്ങൾ
വിഷുക്കണി ദർശനത്തിന് പൊതുവരിയിൽ നിൽക്കുന്ന ഭക്തർക്കായിരിക്കും മുൻഗണന. വിവിഐപികൾക്കും ഭരണസമിതി അംഗങ്ങൾക്കുമായുള്ള ദർശനം പുലർച്ചെ 2.30-ന് ആരംഭിച്ച് 2.55-ഓടെ പൂർത്തിയാക്കും. മുതിർന്ന പൗരന്മാർക്കും പ്രാദേശിക ഭക്തർക്കും 500 വീതം ടോക്കണുകൾ നൽകും. പ്രാദേശിക വിഭാഗത്തിനുള്ള ടോക്കൺ പടിഞ്ഞാറേ ഗോപുരത്തിലും മുതിർന്ന പൗരന്മാർക്കുള്ളത് ഭഗവതി ക്ഷേത്രത്തിന് മുന്നിലെ നെയ്‌വിളക്ക് കൗണ്ടറിലും പുലർച്ചെ 3.30 മുതൽ വിതരണം ചെയ്യും.
തിരക്ക് പരിഗണിച്ച് നെയ്‌വിളക്ക് ശീട്ടാക്കിയുള്ള ദർശനം രാവിലെ 7 മണിക്ക് ശേഷം മാത്രമേ അനുവദിക്കൂ. ഭക്തജന തിരക്ക് വർദ്ധിച്ചാൽ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം അറിയിച്ചു.
വിഷുസദ്യയും ശീവേലിയും
വിഷുവിനോടനുബന്ധിച്ച് ഭക്തർക്കായി ദേവസ്വം വക വിപുലമായ നമസ്കാര സദ്യ ഒരുക്കിയിട്ടുണ്ട്. സദ്യയിൽ പാൽപായസം വിശേഷമായി വിളമ്പും. രാവിലെയും ഉച്ചതിരിഞ്ഞും പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലിയും രാത്രിയിൽ നാഗസ്വര മേളത്തോടെയുള്ള വിളക്കെഴുന്നള്ളിപ്പും നടക്കും. ശശി മാരാരും കക്കാട് രാജപ്പൻ മാരാരും മേളത്തിന് നേതൃത്വം നൽകും.

