തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ അട്ടിമറി ഡിഎംകെ സഖ്യം വിട്ടവരെ ഒപ്പം കൂട്ടി പുതിയ മൂന്നാം മുന്നണി പ്രഖ്യാപിക്കാൻ വിജയ്‌യുടെ ടിവികെ നാളെ നിർണായക യോഗം
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം വിട്ട രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി പുതിയ സഖ്യം രൂപീകരിക്കാൻ വിജയ്‌യുടെ ടിവികെ. നാളെ നടക്കുന്ന താങ്ക്സ് ഗിവിങ് യോഗത്തിൽ പുതിയ മുന്നണി പ്രഖ്യാപനമുണ്ടായേക്കും.
തമിഴ്‌നാട്ടിൽ രാഷ്ട്രീയ അട്ടിമറി; ഡിഎംകെ സഖ്യം വിട്ടവരെ ഒപ്പം കൂട്ടി പുതിയ മുന്നണിയൊരുക്കാൻ ടിവികെ; നാളെ നിർണായക യോഗം
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ വീണ്ടും വൻ ശക്തിപ്രകടനത്തിനൊരുങ്ങി ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ). ഡിഎംകെ സഖ്യത്തിൽ നിന്നും പുറത്തുവന്ന പാർട്ടികളെ ഒന്നിച്ച് ചേർത്ത് സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സഖ്യം രൂപീകരിക്കാനുള്ള നീക്കത്തിലാണ് ടിവികെ. ഇതിന്റെ ഭാഗമായി നാളെ ചെന്നൈയിൽ പ്രത്യേക ‘താങ്ക്സ് ഗിവിങ്’ യോഗം ചേരും.
ടിവികെയ്ക്ക് പിന്തുണ നൽകാൻ ഡിഎംകെ സഖ്യകക്ഷികൾക്ക് താൻ മൗനാനുമതി നൽകിയെന്ന എം.കെ. സ്റ്റാലിന്റെ അവകാശവാദത്തെ മുസ്ലിം ലീഗും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, തങ്ങൾക്ക് ലഭിച്ച സഖ്യകക്ഷികളുടെ പിന്തുണ കൂടുതൽ ഉറപ്പിക്കുകയാണ് നാളത്തെ യോഗത്തിലൂടെ ടിവികെ ലക്ഷ്യമിടുന്നത്.
ഡിഎംകെയോട് അടുത്ത ബന്ധം പുലർത്തിയിരുന്ന കെ. സെൽവപെരുന്തഗെയ്ക്ക് പകരം, ടിവികെ സഖ്യത്തിനായി സജീവമായി ചരടുവലിച്ച മാണിക്കം ടാഗോർ പിസിസി അധ്യക്ഷനായി ചുമതലയേറ്റ ഉടനെയാണ് ഈ യോഗം നടക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
ടിവികെയ്ക്ക് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച വൈകോയുടെ എംഡിഎംകെ നാളത്തെ യോഗത്തിൽ പങ്കെടുക്കും. കൂടാതെ, എൻഡിഎ വിട്ട ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസും ബി. ജോൺ പാണ്ഡ്യന്റെ തമിഴക മക്കൾ മുന്നേറ്റ കഴകവും യോഗത്തിനെത്തുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്ത് ശക്തമായൊരു മൂന്നാം മുന്നണി രൂപീകരണത്തിനുള്ള സാധ്യതകൾക്ക് യോഗം തുടക്കമിടും.
തിരഞ്ഞെടുപ്പിലെ ഡിഎംകെയുടെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ കോൺഗ്രസാണ് ടിവികെയ്ക്ക് ആദ്യം പിന്തുണ നൽകിയത്. തുടര്‍ന്ന് കോൺഗ്രസിന് മന്ത്രിസഭയിലും ഇടം ലഭിച്ചു. ആദ്യഘട്ടത്തിൽ പുറത്തുനിന്ന് മാത്രം പിന്തുണയെന്ന് പ്രഖ്യാപിച്ചിരുന്ന മുസ്ലിം ലീഗും വിടുതലൈ ചിരുത്തൈകൾ കക്ഷിയും (വിസികെ) പിന്നീട് ക്ഷണം സ്വീകരിച്ച് മന്ത്രിസഭയുടെ ഭാഗമായി. പിന്നാലെ ഇടതുപാർട്ടികളായ സിപിഎമ്മും സിപിഐയും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ജൂലൈ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി വിജയ് കരൂരിലേക്ക്; ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം
തിരഞ്ഞെടുപ്പ് വേളയിൽ ടിവികെയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ് ദുരന്തസ്ഥലം സന്ദർശിക്കും. ജൂലൈ രണ്ടാം വാരത്തിലായിരിക്കും വിജയ് കരൂരിലെത്തുക. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് ശേഷം മുഖ്യമന്ത്രി സ്ഥലം സന്ദർശിക്കാത്തത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കരൂരിലെത്തുന്ന വിജയ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കും. കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ സന്ദർശനം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ഈ സന്ദർശനത്തിന് പിന്നിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 1821 വോട്ടുകൾക്കാണ് ടിവികെക്ക് കരൂരിൽ പരാജയം നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവികെയുടെ പുതിയ നീക്കങ്ങൾ.