പത്തു കൊല്ലം കൊണ്ട് ജീവിതച്ചെലവ് ഇരട്ടി അടുക്കളകളിൽ സങ്കടം കേട്ട് കെ.സി. വേണുഗോപാൽ
കേരളത്തിലെ രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്ന് നേരിട്ടറിയാൻ കെ.സി. വേണുഗോപാൽ എംപി ആലപ്പുഴയിലെ മത്സ്യത്തൊഴിലാളി വീടുകളിലെത്തി.
പത്തു കൊല്ലം കൊണ്ട് ജീവിതച്ചെലവ് ഇരട്ടി; അടുക്കളകളിൽ സങ്കടം കേട്ട് കെ.സി. വേണുഗോപാൽ
ആലപ്പുഴ: "പത്തു കൊല്ലം മുൻപ് 5000 രൂപയ്ക്ക് ഒരു മാസത്തെ വീട്ടുചെലവ് കഴിയുമായിരുന്നു. ഇപ്പോൾ പതിനായിരം രൂപ പോലും ഒന്നിനും തികയുന്നില്ല." ആലപ്പുഴ കാഞ്ഞിരംചിറ തീരത്തെ പുന്നയ്ക്കൽ വീട്ടിലെ അടുക്കളയിൽ നിന്ന് മേരിക്കുട്ടി പറഞ്ഞ ഈ വാക്കുകൾ ഇന്ന് കേരളത്തിലെ ഓരോ സാധാരണക്കാരന്റെയും അവസ്ഥയാണ്. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിനെ എങ്ങനെ തകിടം മറിക്കുന്നു എന്ന് നേരിട്ടറിയാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എത്തിയപ്പോൾ തീരദേശത്തെ അടുക്കളകളിൽ നിന്ന് ഉയർന്നത് വറുതിയുടെ സങ്കടങ്ങളായിരുന്നു.
അടുപ്പത്ത് കപ്പ വേവുന്ന മണം, കൂട്ടിന് മുളക് ചമ്മന്തി മാത്രം. ഒരിക്കൽ വിഭവസമൃദ്ധമായിരുന്ന ഞായറാഴ്ചകൾ ഇപ്പോൾ വെറും ഓർമ്മ മാത്രമായി മാറിയെന്ന് മത്സ്യത്തൊഴിലാളികൾ പരിഭവിച്ചു. അരിക്കും പലവ്യഞ്ജനങ്ങൾക്കും 10 വർഷം കൊണ്ട് ഇരട്ടി വിലയായി. മീൻ കറി വയ്ക്കണമെങ്കിൽ മല്ലിയും മുളകും വേണമെന്നും എന്നാൽ രണ്ടിനും തീപിടിച്ച വിലയാണെന്നും റീഫ നീനുവും സീനു ജോസഫും തങ്ങളുടെ ആശങ്ക പങ്കുവെച്ചു. പാചകവാതക സബ്സിഡി നിർത്തലാക്കിയതും കടലിൽ നിന്ന് മീൻ കിട്ടാതായതും ജീവിതം കൂടുതൽ ദുസ്സഹമാക്കി. വീട്ടുകാർക്കൊപ്പം പാചകത്തിൽ പങ്കുചേർന്നും രുചിച്ചും സങ്കടങ്ങൾ കേട്ട വേണുഗോപാൽ, കേരളത്തിലെ വിലക്കയറ്റത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടു.
2016 മുതൽ 2026 വരെയുള്ള കാലയളവിൽ കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് 52% മുതൽ 87% വരെയാണ് വിലവർധനവുണ്ടായത്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. എന്നാൽ ഇക്കാലയളവിലെ വരുമാന വർധന വെറും 30% മാത്രമാണെന്നും അതോടെ ജനങ്ങളുടെ വാങ്ങൽശേഷി പാടെ കുറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റം കുടുംബബജറ്റ് താളം തെറ്റിച്ചിട്ടും സർക്കാർ ഇടപെടുന്നില്ലെന്നും ജനങ്ങളുടെ വരുമാനം വർധിപ്പിക്കാൻ ശ്രമമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സാധാരണക്കാരെ ബാധിക്കുന്ന ഈ വിലക്കയറ്റമായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമെന്നും ഇതിനെക്കുറിച്ച് വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

