നിമിഷ സജയൻ ചിത്രം എന്ന വിലൈക്ക് അന്താരാഷ്ട്ര പുരസ്‌കാരം സജീവ് പാഴൂർ വീണ്ടും മികച്ച തിരക്കഥാകൃത്ത്

നിമിഷ സജയനും കരുണാസും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘എന്ന വിലൈ’ റിലീസിന് മുൻപേ അന്താരാഷ്ട്ര പുരസ്‌കാര തിളക്കത്തിൽ. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ചിത്രത്തിന്റെ സംവിധായകൻ സജീവ് പാഴൂർ സ്വന്തമാക്കി.

നിമിഷ സജയൻ ചിത്രം എന്ന വിലൈക്ക് അന്താരാഷ്ട്ര പുരസ്‌കാരം സജീവ് പാഴൂർ വീണ്ടും മികച്ച തിരക്കഥാകൃത്ത്
പുരസ്കാരങ്ങൾ ഏറ്റുവാങ്ങുന്നു
നിമിഷ സജയൻ ചിത്രം എന്ന വിലൈക്ക് അന്താരാഷ്ട്ര പുരസ്‌കാരം സജീവ് പാഴൂർ വീണ്ടും മികച്ച തിരക്കഥാകൃത്ത്

​ചെന്നൈ: തെന്നിന്ത്യൻ താരം നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സജീവ് പാഴൂർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം 'എന്ന വിലൈ'ക്ക് റിലീസിന് മുൻപ് തന്നെ രാജ്യാന്തര അംഗീകാരം. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരമാണ് ചിത്രം നേടിയത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലൂടെ ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ സജീവ് പാഴൂർ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

​കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളികളായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലർ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയാണ് 'എന്ന വിലൈ'. വൈകാരികമായ മുഹൂർത്തങ്ങൾക്കൊപ്പം പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആകാംക്ഷയും ചിത്രം സമ്മാനിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

​ഈ അംഗീകാരം തങ്ങൾക്കെല്ലാവർക്കും വലിയ അഭിമാനമാണെന്നും ചിത്രത്തിന്റെ തിരക്കഥയിലെ കരുത്തിനും ടീം വർക്കിനുമുള്ള അംഗീകാരമാണിതെന്നും നിർമ്മാതാവ് ജിതേഷ് വി പറഞ്ഞു. തിയേറ്ററുകളിൽ വലിയൊരു ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയലിസ്റ്റിക് ആയ പശ്ചാത്തലത്തിൽ വികസിക്കുന്ന ഈ കഥ പ്രേക്ഷകരുമായി ആഴത്തിൽ സംവദിക്കുമെന്ന് സംവിധായകൻ സജീവ് പാഴൂർ പ്രത്യാശ പ്രകടിപ്പിച്ചു.

​വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായത്. പ്രശസ്തരായ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

​അണിയറ പ്രവർത്തകർ:

ഛായാഗ്രഹണം: ആൽബി ആന്റണി, സംഗീതം: സാം സി എസ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട് ഡയറക്ടർ: കെ ശിവകൃഷ്ണ, ആക്ഷൻ: പിസി സ്റ്റണ്ട്സ്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.