എടയ്ക്കാട്ടുവയലിൽ മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ക്ഷേമകേന്ദ്രം ആലുവയിൽ ജെറിയാട്രിക് സെന്ററും വരുന്നു

എടയ്ക്കാട്ടുവയലിൽ മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി പുതിയ ക്ഷേമകേന്ദ്രവും ആലുവ ജില്ലാ ആശുപത്രിയിൽ ജെറിയാട്രിക് സെന്ററും സ്ഥാപിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം

എടയ്ക്കാട്ടുവയലിൽ മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ക്ഷേമകേന്ദ്രം ആലുവയിൽ ജെറിയാട്രിക് സെന്ററും വരുന്നു
ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാധാകൃഷ്ണൻ സംസാരിക്കുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ ജി ഉല്ലാസ് സമീപം

എടയ്ക്കാട്ടുവയലിൽ മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ക്ഷേമകേന്ദ്രം വരുന്നു; ആലുവയിൽ ജെറിയാട്രിക് സെന്ററും

കൊച്ചി: മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി എറണാകുളം എടയ്ക്കാട്ടുവയലിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ഷേമകേന്ദ്രം ഒരുങ്ങുന്നു. നിലവിൽ വനിതാ ശിശുവികസന വകുപ്പിന്റെ 'തേജോമയ' പദ്ധതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ കേന്ദ്രം യാഥാർത്ഥ്യമാവുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മാനസിക വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പൂർണ്ണമായും ഒരു വീടിന്റെ അന്തരീക്ഷം ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. ഇവർക്കായുള്ള മാനസിക ഉല്ലാസ സജ്ജീകരണങ്ങൾ, പുനരധിവാസത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ, വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം എന്നിവ ഇവിടെ ലഭ്യമാക്കും. നിലവിൽ എടയ്ക്കാട്ടുവയലിലുള്ള തേജോമയ കേന്ദ്രം കാക്കനാട്ടേക്ക് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കെട്ടിടം വനിതാ ക്ഷേമകേന്ദ്രമാക്കാൻ തീരുമാനിച്ചത്.

​ആലുവയിൽ ജെറിയാട്രിക് സെന്റർ

ഇതിനുപുറമേ, ആലുവ ജില്ലാ ആശുപത്രിയോട് ചേർന്നുള്ള മൂന്നുനില കെട്ടിടത്തിൽ വിപുലമായ സൗകര്യങ്ങളോടെ ജെറിയാട്രിക് (മുതിർന്ന പൗരന്മാർക്കുള്ള) സെന്റർ സ്ഥാപിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു. കെട്ടിടത്തിന്റെ ആദ്യ നിലയിൽ ഡയാലിസിസ് സെന്ററും, രണ്ടും മൂന്നും നിലകളിൽ ഒരേസമയം 60 കിടപ്പുരോഗികളെ ചികിത്സിക്കാൻ സാധിക്കുന്ന ജെറിയാട്രിക് വാർഡുകളുമാണ് വരുന്നത്.

​സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന ജനകേന്ദ്രീകൃതമായ ജില്ലാതല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കെ. ജി. രാധാകൃഷ്ണൻ പറഞ്ഞു. കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ജൂൺ 30-നകം ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതി ഭേദഗതികൾ സർക്കാരിലേക്ക് സമർപ്പിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായി മുൻഗണനാ പദ്ധതികൾ ചർച്ച ചെയ്ത് അന്തിമരൂപം നൽകാനാണ് പ്രത്യേക യോഗം ചേർന്നത്. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.