ലിയോറ ഇന്നൊവേഷൻ കോൺക്ളേവ്

കുട്ടികളുടെ നൂതനാശയങ്ങളുമായി കുടുംബശ്രീ ലിയോറ ഇന്നൊവേഷൻ കോൺക്ളേവ് 17-ന് തുടങ്ങും

ലിയോറ ഇന്നൊവേഷൻ കോൺക്ളേവ്
കുടുംബശ്രീ 'ലിയോറ' ഇന്നൊവേഷൻ കോൺക്ളേവ് 17-ന്

കുട്ടികളുടെ നൂതനാശയങ്ങളുമായി കുടുംബശ്രീ 'ലിയോറ' ഇന്നൊവേഷൻ കോൺക്ളേവ് 17-ന് തുടങ്ങും

കുട്ടികളിലെ സർഗ്ഗവാസനയും സാങ്കേതിക മികവും പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ സംഘടിപ്പിക്കുന്ന 'ലിയോറ' ഇന്നൊവേഷൻ കോൺക്ളേവ് ജനുവരി 17, 18 തീയതികളിൽ എറണാകുളം കളമശ്ശേരി സ്റ്റാർട്ടപ്പ് മിഷൻ ക്യാമ്പസിൽ നടക്കും. 17-ന് രാവിലെ 11.30-ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കോൺക്ളേവ് ഉദ്ഘാടനം ചെയ്യും. കളമശ്ശേരി നഗരസഭാധ്യക്ഷൻ ജമാൽ മണക്കാടൻ അധ്യക്ഷത വഹിക്കും.

​സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അട്ടപ്പാടിയിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 150 ബാലസഭാംഗങ്ങളാണ് കോൺക്ളേവിൽ പങ്കെടുക്കുന്നത്. കൃഷി, മാലിന്യ സംസ്കരണം, ഡിജിറ്റൽ സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏഴ് മേഖലകളിലായി കുട്ടികൾ വികസിപ്പിച്ചെടുത്ത നൂതനമായ ആശയങ്ങളും സാങ്കേതികവിദ്യകളും ചടങ്ങിൽ അവതരിപ്പിക്കും.

​അധിനിവേശ സസ്യങ്ങളിൽ നിന്ന് ഹെയർ ഓയിൽ നിർമ്മിക്കൽ, ഉപയോഗിച്ച ഡയപ്പറുകളിൽ നിന്ന് ആക്ടിവേറ്റഡ് ചാർക്കോൾ ഉൽപ്പാദിപ്പിക്കൽ തുടങ്ങി പ്രായോഗിക ജീവിതത്തിന് ഉപകരിക്കുന്ന വൈവിധ്യമാർന്ന പ്രബന്ധങ്ങൾ കോൺക്ളേവിന്റെ ആകർഷണമാകും. പ്രധാന വേദിയുൾപ്പെടെ നാല് വേദികളിലായാണ് അവതരണങ്ങൾ നടക്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകും. കൂടാതെ റോബോട്ടിക്സ്, ഡ്രോൺ, ഫാബ് ലാബ് എന്നിവയെക്കുറിച്ച് പഠിക്കാനും വിദഗ്ധരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടാകും.

​കഴിഞ്ഞ ഒരു വർഷമായി ബ്ലോക്ക് തലത്തിലും ജില്ലാ തലത്തിലും നടത്തിയ വിവിധ മത്സരങ്ങളിലൂടെയും സമ്മർ ക്യാമ്പുകളിലൂടെയുമാണ് പ്രതിഭകളായ 150 കുട്ടികളെ ഈ കോൺക്ളേവിലേക്ക് തിരഞ്ഞെടുത്തത്. ഉദ്ധ്യം ലേണിങ്ങ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.