ജനം തെരുവിലിറങ്ങിയത് അതുകൊണ്ടാണ്, അദ്ദേഹം നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് വി.ഡി. സതീശനെ വാനോളം പുകഴ്ത്തി മോഹൻലാൽ
നാടിനെ ലഹരിമുക്തമാക്കാൻ ഉരുക്കുമുഷ്ടി വേണമെന്ന് നടൻ മോഹൻലാൽ. മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂരിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിപത്തിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം; മുഖ്യമന്ത്രി വി.ഡി. സതീശന് സ്വീകരണം നൽകി മോഹൻലാൽ
പറവൂർ: നാടിനെ ലഹരിമുക്തമാക്കാൻ ലഹരിവിപത്തിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് നടൻ മോഹൻലാൽ. പറവൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ പൗരസ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നർകോട്ടിക്സ് ഈസ് എ ഡർട്ടി ബിസിനസ്" എന്ന തന്റെ പ്രശസ്തമായ സിനിമാ ഡയലോഗ് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ലഹരി വിരുദ്ധ പോരാട്ടത്തിന് മോഹൻലാൽ ആഹ്വാനം ചെയ്തത്.
തന്റെ മനസ്സിൽ ഒരു ചങ്ങാതിയുടെ സ്ഥാനമാണ് മുഖ്യമന്ത്രി വി.ഡി. സതീശനുള്ളതെന്ന് മോഹൻലാൽ പറഞ്ഞു. മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹത്തെ ഈ പദവിയിലെത്തിക്കാൻ ജനങ്ങൾ കാട്ടിയ ആവേശം തന്നെ അമ്പരപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യസന്ധതയും സുതാര്യതയും ഒത്തിണങ്ങിയ വ്യക്തിത്വമാണ് വി.ഡി. സതീശന്റേത്. ജവഹർലാൽ നെഹ്‌റുവിനെപ്പോലെ സ്വപ്നങ്ങൾ കാണുന്ന ഒരു 'നെഹ്‌റുവിയൻ സോഷ്യലിസ്റ്റ്' ആകാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും, ആ സ്വപ്നങ്ങളിലൂടെ കേരളം മഴവിൽ ഭംഗിയോടെ വളരുമെന്ന് പ്രത്യാശിക്കുന്നതായും മോഹൻലാൽ വ്യക്തമാക്കി.
"എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരുമായും സൗഹൃദം പുലർത്തുന്നയാളാണ് ഞാൻ. കക്ഷി രാഷ്ട്രീയമല്ല, രാഷ്ട്രബോധമാണ് എന്നെ നയിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാർ എല്ലാവരുടേതുമാണ്. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും സർക്കാരിന് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളെ മുന്നിൽ നിന്ന് ധീരമായി നയിക്കുക," മോഹൻലാൽ പറഞ്ഞു. 'സതീശൻ സർ' എന്നാണ് മോഹൻലാൽ മുഖ്യമന്ത്രിയെ വേദിയിൽ അഭിസംബോധന ചെയ്തത്. ചടങ്ങിൽ പ്രശസ്ത താരം സലിം കുമാർ, സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി തുടങ്ങിയ പ്രമുഖരും സന്നിഹിതരായിരുന്നു.
കേരളത്തെ ഒരു വലിയ തുറമുഖ നഗരമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരണത്തിന് മറുപടി നൽകിയത്. ഇതിനായുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും ഒപ്പം ഏവിയേഷൻ (വ്യോമയാന) പദ്ധതികൾക്കും തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്രാസിന്റെയോ ആഡംബരത്തിന്റെയോ പിന്നാലെ പോകില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, തന്നെയോർത്ത് ജനങ്ങൾക്ക് ഒരിക്കലും തലകുനിക്കേണ്ടി വരില്ലെന്നും സർക്കാരിന്റെ ഓരോ നടപടിയും സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കുമെന്നും ഉറപ്പുനൽകി.