അശ്വ പത്താം വാർഷികം കായിക പ്രതിഭകൾക്ക് ആദരം ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലോക കസ്റ്റംസ് അവാർഡ് തിളക്കം

അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷന്റെ (അശ്വ) പത്താം വാർഷികാഘോഷം കൊച്ചിയിൽ നടന്നു. കായികതാരങ്ങളെ ആദരിക്കലും ഒളിമ്പ്യന്മാരുമായുള്ള സംവാദവും ചടങ്ങിന് മാറ്റുകൂട്ടി.

അശ്വ പത്താം വാർഷികം കായിക പ്രതിഭകൾക്ക് ആദരം ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് ലോക കസ്റ്റംസ് അവാർഡ് തിളക്കം
അശ്വ പത്താം വാർഷികം: കായിക പ്രതിഭകളെ ആദരിച്ചു; ഡെപ്യൂട്ടി കമ്മീഷണർ റോയ് വർഗീസിന് വേൾഡ് കസ്റ്റംസ് അവാർഡ് ആദരം

​കൊച്ചി: അത്‌ലറ്റ്‌സ് വെൽഫെയർ അസോസിയേഷൻ (അശ്വ) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കായിക പ്രതിഭകളെ ആദരിക്കലും മോട്ടിവേഷൻ ക്ലാസും ഒളിമ്പ്യന്മാരുമായുള്ള സംവാദവും സംഘടിപ്പിച്ചു. കായിക മേഖലയിലെ മികവിനും സേവനത്തിനുമുള്ള അംഗീകാരമായി സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

​കോതമംഗലം എം.എ. കോളേജ്, മാർ ബേസിൽ സ്കൂൾ എന്നിവിടങ്ങളിലെ മികച്ച കായിക താരങ്ങളായ ഗണേഷ്‌നാഥ് സി. മധു, ജിഹിയ രഞ്ജിത്ത്, കാർത്തിക് ഗിരീഷ്, ജാനിസ് തെരേസ റെജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്ക് ഇ.വൈ. വർഗീസ് മെമ്മോറിയൽ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു.

​അന്താരാഷ്ട്ര കസ്റ്റംസ് ഓർഗനൈസേഷന്റെ 'വേൾഡ് കസ്റ്റംസ് അവാർഡ്' കരസ്ഥമാക്കിയ അശ്വ സ്ഥാപക പ്രസിഡന്റും നെടുമ്പാശ്ശേരി എയർപോർട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗീസിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. സിനിമാ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ് അദ്ദേഹത്തിന് ഉപഹാരം സമർപ്പിച്ചു.

​അശ്വ ചെയർമാൻ എ.പി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒളിമ്പ്യനും അർജുന അവാർഡ് ജേതാവും ജി.എസ്.ടി സൂപ്രണ്ടുമായ അശ്വ സെക്രട്ടറി കെ.എം. ബിനു മുഖ്യപ്രഭാഷണം നടത്തി. പത്ത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള അശ്വയുടെ പ്രവർത്തനങ്ങൾ കേരളത്തിലെ കായിക മേഖലയ്ക്ക് വലിയ കരുത്താണെന്ന് യോഗം വിലയിരുത്തി.

​തുടർന്ന് നടന്ന സംവാദത്തിൽ ഒളിമ്പ്യന്മാരായ സിനി ജോസ്, വി.കെ. വിസ്മയ, വി. അനില്‍കുമാര്‍, രഞ്ജിത്ത് മഹേശ്വരി, ജീഷ്‌കുമാര്‍ എന്നിവർ പങ്കെടുത്ത് കായിക താരങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ട്രഷറർ അമ്പിളി റോയ്, സീനിയർ വൈസ് പ്രസിഡന്റ് ജെയിംസ് ഇടയ്ക്കാട്ടുകുടി, പ്രൊഫ. പി.ഐ. ബാബു എന്നിവരും ചടങ്ങിൽ സംസാരിച്ചു.