കുക്കു പരമേശ്വരന് എ എം എം എ യുടെ ക്ലീൻചിറ്റ്
മെമ്മറി കാർഡ് വിവാദം കുക്കു പരമേശ്വരന് എ എം എം എയുടെ ക്ലീൻചിറ്റ് അവസാനമായി കാർഡ് കൈവശം വെച്ചത് കെപിഎസി ലളിതയെന്ന് കണ്ടെത്തൽ
മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് 'എ എം എം എയുടെ ക്ലീൻചിറ്റ്; അവസാനമായി കാർഡ് കൈവശം വെച്ചത് കെപിഎസി ലളിതയെന്ന് കണ്ടെത്തൽ
കൊച്ചി: താരസംഘടനയായ 'എ എം എം എ'യിൽ (A.M.M.A) വലിയ ചർച്ചകൾക്ക് വഴിവെച്ച മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ നടി കുക്കു പരമേശ്വരൻ കുറ്റക്കാരിയല്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി. വിവാദത്തിൽ കുക്കു പരമേശ്വരന് സമിതി ക്ലീൻചിറ്റ് നൽകിയതായി ' എ എം എം എ പ്രസിഡണ്ട് ശ്വേതാ മേനോൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മീ ടൂ ആരോപണങ്ങൾ സിനിമാ മേഖലയിൽ ശക്തമായ പശ്ചാത്തലത്തിൽ, സംഘടനയിലെ വനിതാ അംഗങ്ങൾ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ യോഗത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡാണ് കാണാതായത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലതാ നമ്പൂതിരി, ശ്രീലതാ പരമേശ്വരൻ എന്നിവരടങ്ങുന്ന അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്.
അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
വിവാദ മെമ്മറി കാർഡ് അവസാനമായി കൈവശം വെച്ചിരുന്നത് അന്തരിച്ച നടി കെപിഎസി ലളിതയായിരുന്നു.
കെപിഎസി ലളിത ഇന്ന് ജീവിച്ചിരിപ്പില്ലാത്തതിനാൽ മെമ്മറി കാർഡിന് എന്ത് സംഭവിച്ചു എന്നതിൽ വ്യക്തതയില്ലെന്ന് സമിതി അംഗം ജോയ് മാത്യു പറഞ്ഞു.
സമിതി സമർപ്പിച്ച റിപ്പോർട്ട് എക്‌സിക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്തു. ഇത് വരാനിരിക്കുന്ന ജനറൽ ബോഡിയിൽ അവതരിപ്പിക്കും.
ദിലീപ് നിലവിൽ അംഗമല്ല
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി കുറ്റവിമുക്തനാക്കിയ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിനും ശ്വേതാ മേനോൻ മറുപടി നൽകി. ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ലെന്ന് ശ്വേത വ്യക്തമാക്കി. സംഘടനയിൽ വീണ്ടും അംഗമാകണമെങ്കിൽ ദിലീപ് അപേക്ഷ നൽകണമെന്നും, അത്തരത്തിൽ ഒരു കത്ത് ലഭിച്ചാൽ അപ്പോൾ അത് പരിഗണിക്കാമെന്നും ശ്വേത കൂട്ടിച്ചേർത്തു.

