വിലങ്ങാട്ടെ ജനങ്ങളെ കൈവിടില്ല സജിത് വാങ്ങിയത് 25 ലക്ഷം, വ്യാപാരികൾക്ക് നൽകിയില്ല അജസുന്ദരി സാമ്പത്തിക ക്രമക്കേടിൽ ഒപിഎം ഫിലിംസ് പോലീസിൽ
അജസുന്ദരി സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിലങ്ങാട്ടെ വ്യാപാരികൾക്ക് പണം നൽകാനുണ്ടെന്ന വിവാദത്തിൽ വിശദീകരണവുമായി ആഷിക് അബുവിന്റെ ഒപിഎം ഫിലിംസ്. കുടിശ്ശിക നേരിട്ട് തീർപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
'അജസുന്ദരി' വിവാദം: കുടിശ്ശിക ഒപിഎം ഫിലിംസ് നേരിട്ട് തീർപ്പാക്കും; ഭക്ഷണച്ചുമതലക്കാരനെതിരെ പോലീസ് കേസ്
കോഴിക്കോട്: ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി സംവിധാനം ചെയ്യുന്ന 'അജഃ സുന്ദരി' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക വിവാദങ്ങളിൽ വിശദീകരണവുമായി നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. ചിത്രീകരണത്തിന് സഹകരിച്ച കോഴിക്കോട് വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികൾക്ക് നൽകാനുള്ള മുഴുവൻ കുടിശ്ശികയും കമ്പനി നേരിട്ട് തീർപ്പാക്കുമെന്ന് സംവിധായകൻ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം ഫിലിംസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
യൂണിറ്റിന്റെ ഭക്ഷണച്ചുമതലകൾക്കായി ഏൽപ്പിച്ചിരുന്ന വടകര സ്വദേശിയായ സജിത് എൻ. എന്ന വ്യക്തി വരുത്തിയ വീഴ്ചയാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് നിർമാണക്കമ്പനി വ്യക്തമാക്കുന്നു. സജിത്തിന് 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ കമ്പനി കൈമാറിയിരുന്നു. ഇതിന്റെ കൃത്യമായ രേഖകൾ പക്കലുണ്ട്. എന്നാൽ ഈ തുക മുഴുവൻ കൈപ്പറ്റിയിട്ടും സജിത് പ്രാദേശിക വ്യാപാരികൾക്ക് പണം നൽകിയില്ലെന്നാണ് കമ്പനിയുടെ വിശദീകരണം.
വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ സജിത്തിന് നൽകാനുണ്ടായിരുന്ന അവസാന ഗഡു തടഞ്ഞുവെക്കുകയും, സിനിമാ സംഘടനകളായ ഫെഫ്ക (FEFKA), കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ സാമ്പത്തിക ക്രമക്കേട് നടത്തിയ സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഒപിഎം ഫിലിംസ് പരാതി നൽകി.
പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
നിയപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചു. ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും, കുടിശ്ശികകൾ നേരിട്ട് തീർപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി. ചിത്രീകരണ വേളയിൽ വിലങ്ങാടിലെ ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും വലുതാണെന്നും അവരെ കൈവിടില്ലെന്നും ഒപിഎം ഫിലിംസ് അറിയിച്ചു.
വിലങ്ങാടും പരിസര പ്രദേശങ്ങളിലും മൂന്ന് മാസത്തോളമായി നടന്ന 'അജഃ സുന്ദരി'യുടെ ചിത്രീകരണത്തിനിടെ സെറ്റിലേക്ക് ആവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയവ നൽകിയ പ്രാദേശിക വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തി സിനിമാസംഘം മുങ്ങിയെന്നായിരുന്നു പരാതി. വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗികളും കിഡ്നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെട്ടിരുന്നു. ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകി വിശ്വാസം നേടിയ ശേഷമായിരുന്നു കുടിശ്ശിക വരുത്തിയത്. പണം ലഭിക്കാതായതോടെ അണിയറപ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറായില്ലെന്ന് വ്യാപാരികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിർമ്മാണ കമ്പനി ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്