68,000 കന്നുകാലികൾക്ക് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 2030ഓടെ കുളമ്പുരോഗം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സൗജന്യ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. 18 ദിവസത്തിനകം 68,000 കന്നുകാലികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകും.
68,000 കന്നുകാലികൾക്ക് വീടുകളിലെത്തി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം നടന്നു
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ കൊട്ടാരത്തിൽ നിർവ്വഹിച്ചു. 2030ഓടെ സംസ്ഥാനത്ത് നിന്ന് കുളമ്പുരോഗം പൂർണ്ണമായും നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലയിൽ അടുത്ത 18 ദിവസങ്ങൾക്കകം ഏകദേശം 68,000 കന്നുകാലികൾക്ക് വീടുകളിലെത്തി സൗജന്യമായി പ്രതിരോധ കുത്തിവെപ്പ് നൽകും. ഇതിനായി പ്രത്യേകമായി 142 വാക്സിനേഷൻ സ്ക്വാഡുകളെയാണ് മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചിട്ടുള്ളത്.
ചടങ്ങിൽ ഐ.സി.ഡി.പി പ്രോജക്ട് ഓഫീസർ ഡോ. സ്നേഹരാജ്, എ.ഡി.സി.പി ജില്ലാ കോഓഡിനേറ്ററും ചീഫ് വെറ്ററിനറി ഓഫീസറുമായ ഡോ. മനോജ് ലാൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രേഷ്മി എന്നിവർ സംസാരിച്ചു. മിൽമ അസിസ്റ്റന്റ് മാനേജർ ഡോ. അഹമ്മദ് ഖൈസ്, കേരള ഫീഡ്സ് പ്രതിനിധി എൻ. എൻ. നിധുൻ, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. സി. കെ. ഫസലുറഹ്‌മാൻ, കട്ടിപ്പാറ വെറ്ററിനറി സർജൻ ഡോ. മുഹമ്മദ് ആസിഫ്, വിവിധ വാക്സിനേറ്റർമാർ, കർഷകർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൂർണ്ണമായും സൗജന്യമായി നൽകുന്ന ഈ വാക്സിനേഷൻ പദ്ധതി കർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.