കോഴിക്കോട് മത്സ്യ മാർക്കറ്റുകളിൽ മിന്നൽ പരിശോധന ട്യൂണ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു ജാഗ്രതാ നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട് സെൻട്രൽ, വെള്ളയിൽ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം സ്കിപ്പ്ജാക്ക് ട്യൂണ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഫ്രോസൻ മത്സ്യങ്ങൾ സൂക്ഷിക്കുന്നതിൽ കർശന നിർദ്ദേശങ്ങളുമായി അധികൃതർ.
കോഴിക്കോട് മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; ഗുണനിലവാരമില്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
കോഴിക്കോട്: നഗരത്തിലെ പ്രധാന മത്സ്യ വിപണികളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം സ്കിപ്പ്ജാക്ക് ട്യൂണ (ചൂര) മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു.
മാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച 34 മത്സ്യ സാമ്പിളുകൾ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി. ഫ്രോസൻ മത്സ്യങ്ങൾ -18°C (മൈനസ് 18 ഡിഗ്രി സെൽഷ്യസ്) അതിൽ താഴെയോ ഉള്ള താപനിലയിൽ മാത്രമേ സൂക്ഷിക്കാവൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം മത്സ്യങ്ങൾ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുന്നതും വില്പന നടത്തുന്നതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്.
റീട്ടെയിൽ വിൽപനക്കാർ മത്സ്യം സൂക്ഷിക്കുമ്പോൾ 1:1 എന്ന അനുപാതത്തിൽ (ഒരു കിലോഗ്രാം മത്സ്യത്തിന് കുറഞ്ഞത് ഒരു കിലോഗ്രാം ഐസ്) ഉപയോഗിക്കണം. ഫ്രോസൻ മത്സ്യങ്ങൾ ഉരുകിയ നിലയിൽ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 1125-ൽ വിവരമറിയിക്കാം. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബിബി മാത്യു അറിയിച്ചു.
മത്സ്യം വാങ്ങുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കണ്ണുകൾ: മത്സ്യത്തിന്റെ കണ്ണുകൾ തെളിച്ചമുള്ളതും പുറത്തേക്ക് ഉയർന്നതുമായിരിക്കണം.
ചെകിളപ്പൂക്കൾ: ചെകിളകൾ നല്ല ചുവപ്പോ പിങ്ക് നിറത്തിലോ ആയിരിക്കണം.
മാംസത്തിന്റെ കാഠിന്യം: വിരൽ കൊണ്ട് അമർത്തുമ്പോൾ മത്സ്യത്തിന്റെ മാംസം ഉടൻ തന്നെ പഴയ നിലയിലേക്ക് മടങ്ങണം.
മണം: അമോണിയയുടെ മണമോ മറ്റ് ദുർഗന്ധമോ ഉണ്ടാകരുത്.
നിറം: അമിതമായി നിറം മാറിയതോ അമിതമായി മൃദുവായതോ ആയ മത്സ്യം ഒഴിവാക്കുക.
ഫ്രോസൻ മത്സ്യം: ഐസ് പൂർണ്ണമായി ഉരുകിയ ഫ്രോസൻ മത്സ്യം വീണ്ടും ഫ്രീസ് ചെയ്ത് ഉപയോഗിക്കാൻ പാടുള്ളതല്ല.