ലോക മലമ്പനി ദിനം: രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവുമായി ചോമ്പാല ഹാർബറിൽ ജില്ലാതല ഉദ്ഘാടനം നടന്നു

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ചോമ്പാല ഹാർബറിൽ നടന്ന ജില്ലാതല ഉദ്ഘാടനവും അനുബന്ധ പരിപാടികളും വായിക്കാം.

ലോക മലമ്പനി ദിനം: രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവുമായി ചോമ്പാല ഹാർബറിൽ ജില്ലാതല ഉദ്ഘാടനം നടന്നു
ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ചോമ്പാല ഹാര്‍ബര്‍ പരിസരത്ത് നടന്ന സന്ദേശ റാലി
ലോക മലമ്പനി ദിനം: രോഗനിർണ്ണയ ക്യാമ്പും ബോധവൽക്കരണവുമായി ചോമ്പാല ഹാർബറിൽ ജില്ലാതല ഉദ്ഘാടനം നടന്നു

​ലോക മലമ്പനി ദിനം: ചോമ്പാല ഹാർബറിൽ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു

​വടകര: 'മെച്ചപ്പെട്ട ലോകത്തിനായി മലമ്പനിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാം' എന്ന സന്ദേശവുമായി ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചോമ്പാല ഹാർബറിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.കെ രാജാറാം പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിന്റെയും വിവിധ തദ്ദേശീയ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

​ഓർക്കാട്ടേരി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എൻ. ഉഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി ദിനാചരണ സന്ദേശം കൈമാറി. മലമ്പനി പടർത്തുന്ന കൊതുകുകളുടെ ഉറവിട നശീകരണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു.

​വിപുലമായ പരിപാടികൾ

ദിനാചരണത്തോടനുബന്ധിച്ച് ഹാർബറിലും പരിസരപ്രദേശങ്ങളിലും കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടന്നു. ജില്ലാ മിസ്റ്റ് ടീമിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾക്കും ഹാർബറിലെ തൊഴിലാളികൾക്കുമായി മലമ്പനി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വടകര കോഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘുനാടകം, ചോമ്പാല പ്രേംജിത്ത് മാസ്റ്ററും സംഘവും അവതരിപ്പിച്ച സംഗീത ശിൽപം എന്നിവ ശ്രദ്ധേയമായി.

​കൂടാതെ പോസ്റ്റർ രചനാ മത്സരം, പ്രദർശനം, ബോധവൽക്കരണ സ്റ്റിക്കർ പതിപ്പിക്കൽ, ഒപ്പ് ക്യാമ്പയിൻ എന്നിവയും നടന്നു. പരിപാടിക്ക് മുന്നോടിയായി മത്സ്യത്തൊഴിലാളികളും ആരോഗ്യ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ചോമ്പാല ഹാർബറിൽ സന്ദേശ റാലിയും നടത്തി.

​ചടങ്ങിൽ അഴിയൂർ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഗോരെ, മടപ്പള്ളി എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. കെ. അബ്ദുൽ നസീർ, വി.ബി.ഡി.സി.ഒ കെ.പി റിയാസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.