കേരളത്തിൽ യുഡിഎഫ് തരംഗം എൽഡിഎഫ് കോട്ടകൾ തകർന്നു, പിണറായി വിജയൻ രാജിവച്ചു
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 104 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക്. എൽഡിഎഫ് 34 സീറ്റുകളിലേക്ക് ഒതുങ്ങി. എൻഡിഎ 3 സീറ്റുകൾ നേടി. പിണറായി വിജയൻ രാജിവച്ചു
കേരളത്തിൽ യുഡിഎഫ് തരംഗം; എൽഡിഎഫ് അടിപതറി, പിണറായി വിജയൻ രാജിവച്ചു
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭരണത്തുടർച്ചാ മോഹങ്ങൾ തകർത്തെറിഞ്ഞ് യുഡിഎഫിന് ഉജ്ജ്വല വിജയം. ആകെ 140 സീറ്റുകളിൽ 104 സീറ്റുകൾ നേടിയാണ് യുഡിഎഫ് അധികാരം പിടിച്ചെടുത്തത്. ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ നേടി എൻഡിഎയും കരുത്തറിയിച്ചു. ഭരണവിരുദ്ധ തരംഗത്തിൽ എൽഡിഎഫ് 34 സീറ്റുകളിലേക്ക് ഒതുങ്ങി.
തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി സമർപ്പിച്ചു. പ്രത്യേക ദൂതൻ വഴി രാജ്ഭവനിലെത്തിച്ച രാജിക്കത്ത് ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ പിണറായി വിജയനോട് ആവശ്യപ്പെട്ടു.
ഇടതുകോട്ടകളിൽ വിള്ളൽ; മന്ത്രിമാർക്ക് തോൽവി
ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകൾ പോലും യുഡിഎഫ് തരംഗത്തിൽ തകർന്നു വീണു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്ത് വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും അദ്ദേഹം പിന്നിലായിരുന്നു. ഒടുവിൽ കഷ്ടിച്ചാണ് മുഖ്യമന്ത്രിക്ക് ജയിക്കാനായത്. മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും പരാജയപ്പെട്ടത് എൽഡിഎഫിന് കനത്ത ആഘാതമായി. കേരള കോൺഗ്രസ് (എം) മത്സരിച്ച 12 സീറ്റുകളിലും പരാജയപ്പെട്ടു; ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും പരാജയപ്പെട്ടവരിലുണ്ട്. അതേസമയം, സിപിഎം വിമതരായി മത്സരിച്ച ജി. സുധാകരൻ (അമ്പലപ്പുഴ), ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞിക്കൃഷ്ണൻ (പയ്യന്നൂർ) എന്നിവർ വിജയിച്ചു.
യുഡിഎഫ് നയിക്കാൻ സതീശനും സംഘവും
യുഡിഎഫ് നിരയിൽ പ്രമുഖരെല്ലാം വിജയം ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരവൂരിൽ നിന്നും ജയിച്ചു. വട്ടിയൂർക്കാവിലെ ശക്തമായ പോരാട്ടത്തിൽ കെ. മുരളീധരൻ വിജയം നിലനിർത്തി. "മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ? ടീം യുഡിഎഫ്, കേരളം ജയിച്ചു" എന്നായിരുന്നു വിജയത്തിന് പിന്നാലെ വി.ഡി. സതീശന്റെ വൈകാരികമായ പ്രതികരണം.
അക്കൗണ്ട് തുറന്ന് എൻഡിഎ
കേരള ചരിത്രത്തിൽ ആദ്യമായി മൂന്ന് നിയമസഭാ സീറ്റുകൾ എൻഡിഎ പിടിച്ചെടുത്തു. നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. ഒരു ഘട്ടത്തിൽ ആറ് സീറ്റുകളിൽ വരെ എൻഡിഎ മുന്നിലായിരുന്നു.