കണക്ക് ചോദിക്കാതെ കാലം കടന്നുപോകില്ല 102 സീറ്റുകളുടെ കരുത്തിൽ വി.ഡി. സതീശൻ, കേരളം ഇനി യുഡിഎഫ് നയിക്കും

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് വി.ഡി. സതീശൻ. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഈ വിജയം എന്ന് പ്രതിപക്ഷ നേതാവ്. കന്റോൺമെന്റ് ഹൗസിൽ ആവേശകരമായ സ്വീകരണം.

കണക്ക് ചോദിക്കാതെ കാലം കടന്നുപോകില്ല 102 സീറ്റുകളുടെ കരുത്തിൽ വി.ഡി. സതീശൻ, കേരളം ഇനി യുഡിഎഫ് നയിക്കും
വാർത്താ സമ്മേളനം

'മാറ്റാൻ ആരുണ്ടെന്ന് ചോദിച്ചില്ലേ? ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ'; കണക്ക് ചോദിച്ച് യുഡിഎഫിന്റെ പടയോട്ടം!

​തിരുവനന്തപുരം: "ഞങ്ങൾ ഒന്നും മറക്കില്ല, എല്ലാം ഓർക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല..." തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാക്കുകളിൽ വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ ദൃഢനിശ്ചയം പ്രകടമായിരുന്നു. കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു എതിരാളികൾക്കുള്ള മറുപടിയായി അദ്ദേഹം ഈ വാക്കുകൾ കുറിച്ചത്.

​"മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ? മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ? ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ..." - തികഞ്ഞ ആത്മവിശ്വാസത്തോടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ മുതൽ ഒരു 'വാർ റൂമിന്' സമാനമായിരുന്നു കന്റോൺമെന്റ് ഹൗസ്. വോട്ടെണ്ണൽ തുടങ്ങുന്നതിന് മുൻപേ "102 സീറ്റുകൾ ഉറപ്പാണ്" എന്ന് തന്റെ സ്റ്റാഫിനോട് പറഞ്ഞ സതീശന്റെ പ്രവചനം മണിക്കൂറുകൾക്കകം യാഥാർത്ഥ്യമായി.

​ഓരോ മണ്ഡലങ്ങളിലെയും യുഡിഎഫ് ലീഡ് അദ്ദേഹം കൃത്യമായി കുറിച്ചുവെച്ചു. പറവൂരിൽ ഇടയ്ക്ക് പിന്നാക്കം പോയെങ്കിലും തന്റെ വിജയത്തിലും യുഡിഎഫിന്റെ മുന്നേറ്റത്തിലും അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല. 100 സീറ്റുകൾ പിന്നിട്ടതോടെ കന്റോൺമെന്റ് ഹൗസ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങളാൽ ഇരമ്പി. ശാസ്ത്രവേദി സംസ്ഥാന ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ സമ്മാനിച്ച 'ദി റിവോൾവിങ് ബ്രെയിൻ' എന്ന പുസ്തകം കൗതുകത്തോടെ മറിച്ചുനോക്കുമ്പോഴും പുറത്ത് വിജയലഹരിയിലായിരുന്നു പ്രവർത്തകർ.

​"കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കും" എന്ന പ്രഖ്യാപനത്തോടെ, പ്രവർത്തകരുടെ സ്നേഹപ്രകടനങ്ങൾക്ക് നടുവിലൂടെ പണിപ്പെട്ടാണ് അദ്ദേഹം കെപിസിസി ഓഫീസിലേക്ക് തിരിക്കാനായി കാറിൽ കയറിയത്. കേരള രാഷ്ട്രീയത്തിൽ 'ടീം യുഡിഎഫിന്റെ' കാലം തെളിഞ്ഞുവെന്ന പ്രഖ്യാപനമായിരുന്നു ആ യാത്ര.