അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് വഴിവിളക്കായി മൈഗ്രന്റ് ലിങ്ക് വർക്കർമാർ

എറണാകുളം ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യ സേവനങ്ങളും ബോധവൽക്കരണവുമായി നാഷണൽ ഹെൽത്ത് മിഷന്റെ മൈഗ്രന്റ് ലിങ്ക് വർക്കർമാർ മാതൃകയാകുന്നു. ഭാഷാപ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അടിയന്തര ഘട്ടങ്ങളിൽ സഹായം എത്തിക്കുന്നതിലും ഇവർ നിർണായക പങ്കുവഹിക്കുന്നു.

അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് വഴിവിളക്കായി മൈഗ്രന്റ് ലിങ്ക് വർക്കർമാർ
ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരനൊപ്പം ജില്ലയിലെ മൈഗ്രന്റ് ലിങ്ക് വർക്കർമാർ

മാതൃകയായി ജില്ലയിലെ മൈഗ്രന്റ് ലിങ്ക് വർക്കർമാർ

എറണാകുളം:അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യ അനുബന്ധ കാര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തി മാതൃകയാവുകയാണ്‌ ജില്ലയിലെ മൈഗ്രന്റ് ലിങ്ക് വർക്കർമാർ. ദേശീയ ആരോഗ്യദൗത്യം നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ നിലവിൽ എട്ട് ലിങ്ക് വർക്കർമാരാണ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ എറണാകുളത്ത് തൊഴിൽ തേടി പശ്ചിമബംഗാൾ, അസം, തമിഴ്നാട്, ഒഡിഷ, ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അതിഥി തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്‌ ഭാഷയും ആശയവിനിമയവും. ചികിത്സാ ആവശ്യങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായാണ്‌ ദേശീയ ആരോഗ്യദൗത്യവും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ മൈഗ്രന്റ് ലിങ്ക് വർക്കർ പദ്ധതി ആരംഭിച്ചത്.

അതിഥി തൊഴിലാളി സമൂഹത്തിൽ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെട്ട മലയാളം സംസാരിക്കാനറിയുന്നവരാണ്‌ മൈഗ്രന്റ് ലിങ്ക് വർക്കർമാർ. ഭാഷാപ്രശ്നങ്ങളാൽ ഡോക്ടറോട് സംസാരിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടിയ രോഗിക്ക് ഇവർ സഹായിയാകുന്നു. അതുപോലെ തന്നെ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും തിരിച്ച് ആശയവിനിമയം നടത്തുന്നതിനും ഇവരിലൂടെ സാധിക്കുന്നു.

അതിഥി തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ പരിശോധനകളും പകർച്ചവ്യാധി പ്രതിരോധ ബോധവൽക്കരണവും നടത്തുന്നതിലും ഇവരുടെ സഹായം ആരോഗ്യവകുപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ഷയരോഗം, എച്ച്.ഐ.വി, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയവ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പുകളിലും ആളുകളെ എത്തിക്കുന്നതിനായി ഇടപെടുന്നുണ്ട്.

കുട്ടികൾക്കായുള്ള വിദ്യാഭ്യാസപദ്ധതികക്കളും സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളും അതിഥി തൊഴിലാളി രജിസ്ട്രേഷൻ പോർട്ടലുമായി ബന്ധപ്പെട്ടും ഇവർ പ്രവർത്തിക്കുന്നുണ്ട്. അപകടങ്ങളോ അടിയന്തര ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാകുമ്പോൾ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും ആവശ്യമായ ഭാഷാ സഹായവും നൽകുന്നു. മൈഗ്രന്റ് ലിങ്ക് വർക്കർമാർ സാമൂഹിക സുരക്ഷാ ശൃംഖലയിലെ ഒഴിവാക്കാനാവാത്ത കണ്ണികളായി മാറികഴിഞ്ഞിരിക്കുന്നു.