കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും മട്ടന്നൂർ വിട്ട് വെല്ലുവിളി ഏറ്റെടുക്കാൻ സിപിഎം തീരുമാനം
സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ ജനവിധി തേടും. സിറ്റിങ് സീറ്റായ മട്ടന്നൂർ ഒഴിവാക്കി വെല്ലുവിളിയുള്ള മണ്ഡലം നൽകാൻ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ കെ.കെ. ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും. ഇന്ന് ചേർന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനമുണ്ടായത്. സിറ്റിങ് സീറ്റായ മട്ടന്നൂരിൽ ഇത്തവണ ശൈലജയെ പാർട്ടി പരിഗണിച്ചിരുന്നില്ല. രണ്ടു ടേം നിബന്ധനയുടെ പേരിൽ ശൈലജയെ മാറ്റിനിർത്താൻ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും, ജനകീയയായ നേതാവിനെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ശൈലജയെ പേരാവൂരിലേക്ക് നിയോഗിക്കാൻ പാർട്ടി തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം തയാറാക്കിയ സ്ഥാനാർഥിപ്പട്ടികയിൽ മട്ടന്നൂരിൽ ശൈലജയുടെ പേര് ഉണ്ടായിരുന്നില്ല. ഉറച്ച സീറ്റുകളിൽ ടേം വ്യവസ്ഥയിൽ ഇളവു നൽകേണ്ടെന്ന തീരുമാനത്തിൽ നേതൃത്വം ഉറച്ചുനിന്നതോടെയാണ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച മട്ടന്നൂരിൽ പുതിയ സ്ഥാനാർത്ഥിയെ കൊണ്ടുവരാൻ വഴിതെളിഞ്ഞത്. എന്നാൽ ശൈലജയെ മത്സരിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതായാണ് വിവരം. അഞ്ച് തവണ മത്സരിച്ച ശൈലജ നാല് ജയങ്ങളോടെ 20 വർഷം എംഎൽഎയായിരുന്നു. 1996ലും 2016ലും കൂത്തുപറമ്പിലും 2006ൽ പേരാവൂരിലുമാണ് ശൈലജ വിജയിച്ചത്. 2011ൽ പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിന് പരാജയപ്പെട്ടിരുന്നു. ഇത്തവണ സണ്ണി ജോസഫിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് ശൈലജയ്ക്ക് മുന്നിലുള്ളത്.
കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ 60,963 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. ആർഎസ്പിയിലെ ഇല്ലിക്കൽ അഗസ്തിയായിരുന്നു അന്ന് എതിരാളി. 2016ലും 2021ലും പേരാവൂർ തിരിച്ചുപിടിക്കാൻ ശൈലജയെ അവിടെ മത്സരിപ്പിക്കണമെന്ന നിർദേശം പാർട്ടിയിൽ ഉയർന്നിരുന്നെങ്കിലും സുരക്ഷിത മണ്ഡലങ്ങൾ നൽകുകയായിരുന്നു. ഇത്തവണ വെല്ലുവിളി നിറഞ്ഞ പോരാട്ടത്തിന് ശൈലജയെ ഇറക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.

