തോൽവിക്ക് കാരണം വി.എം. സുധീരൻ തുറന്നടിച്ച് കെ. ബാബു
2016 ലെ തോൽവിക്ക് സുധീരന്റെ നിലപാടുകൾ കാരണമായെന്നും ഉമ്മൻ ചാണ്ടി തനിക്ക് വേണ്ടി നിലകൊണ്ടെന്നും കെ. ബാബു എംഎൽഎ
2016-ൽ തോൽപ്പിച്ചത് വി.എം. സുധീരന്റെ നിലപാടുകൾ; ഉമ്മൻ ചാണ്ടി കൂടെ നിന്നു: തുറന്നടിച്ച് കെ. ബാബു
കൊച്ചി: 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലുണ്ടായ പരാജയത്തിന് അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടുകളും പ്രധാന കാരണമായെന്ന് കെ. ബാബു എംഎൽഎ. സ്ഥാനാർത്ഥിത്വം അനാവശ്യമായി വൈകിപ്പിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബു പഴയ രാഷ്ട്രീയ വിവാദങ്ങൾ വീണ്ടും ഉയർത്തിയത്.
"എന്റെ സ്ഥാനാർത്ഥിത്വത്തെ സുധീരൻ ശക്തമായി എതിർത്തു. എന്നാൽ ഉമ്മൻ ചാണ്ടി എനിക്കൊപ്പം ഉറച്ചുനിന്നു. ബാബുവിന് സീറ്റ് നൽകുന്നില്ലെങ്കിൽ താനും മത്സരിക്കാനില്ലെന്ന കർക്കശമായ നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്," കെ. ബാബു വെളിപ്പെടുത്തി. തന്നെ കൂടാതെ കെ.സി. ജോസഫ്, ബെന്നി ബഹനാൻ, ഡൊമിനിക് പ്രസന്റേഷൻ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തെയും സുധീരൻ എതിർത്തിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നത്തെ കെപിസിസി നേതൃത്വത്തിന്റെ പല നടപടികളും ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തുടർച്ചയ്ക്ക് തടസ്സമായെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയെ നയിക്കുന്നവർ സർക്കാരിനെതിരെ പരസ്യനിലപാട് സ്വീകരിക്കുന്നത് ജനങ്ങൾക്കിടയിൽ സർക്കാരിന്റെ പ്രതിച്ഛായ കുറയ്ക്കും. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് സിപിഎമ്മിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടും അദ്ദേഹം വ്യക്തമാക്കി. സജീവ പാർലമെന്ററി ജീവിതത്തിൽ നിന്ന് വിരമിക്കുമെങ്കിലും പൊതുപ്രവർത്തന രംഗത്ത് തുടർന്നും സജീവമായി ഉണ്ടാകുമെന്നും കെ. ബാബു പറഞ്ഞു

