മാറുന്ന കേരളത്തിന് കിഫ്ബി മാതൃക അനിവാര്യം ഡോ. ടി.എം. തോമസ് ഐസക്

കേരളത്തിന്റെ മാറുന്ന സാമൂഹിക സാഹചര്യത്തിൽ വികസന കുതിപ്പിന് കിഫ്ബി പോലുള്ള ബജറ്റേതര ധനസമാഹരണ മാർഗ്ഗങ്ങൾ അത്യാവശ്യമാണെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറുന്ന കേരളത്തിന് കിഫ്ബി മാതൃക അനിവാര്യം ഡോ. ടി.എം. തോമസ് ഐസക്
മാറുന്ന കേരളത്തിന് കിഫ്ബി മാതൃക അനിവാര്യം ഡോ. ടി.എം. തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിന്റെ മാറുന്ന സാമൂഹിക ഘടനയ്ക്ക് അനുയോജ്യമായ വികസന മാതൃകയാണ് സംസ്ഥാനം നടപ്പിലാക്കുന്നതെന്ന് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിന്റെ ഭാഗമായി ‘ജനങ്ങളുടെ വികസനത്തിനുള്ള ധനസമാഹരണം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​1973-ൽ 59 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യ നിരക്ക് വലിയ തോതിൽ കുറയ്ക്കാൻ കേരളത്തിന് സാധിച്ചു. നിലവിൽ ഭൂരിഭാഗം ജനങ്ങളും മധ്യവർഗ്ഗമോ അല്ലെങ്കിൽ ആ നിലവാരത്തിലേക്ക് ഉയരാൻ ആഗ്രഹിക്കുന്നവരോ ആണ്. അതിനാൽ, പാവപ്പെട്ടവർക്കായുള്ള ക്ഷേമപദ്ധതികൾക്കൊപ്പം തന്നെ മധ്യവർഗ്ഗത്തിന് ആവശ്യമായ ലോകോത്തര നിലവാരത്തിലുള്ള തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

​ക്ഷേമപദ്ധതികൾക്കുള്ള ചെലവിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പശ്ചാത്തല വികസനത്തിന് പണം കണ്ടെത്താനാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) രൂപീകരിച്ചത്. സർക്കാർ ഗ്യാരണ്ടിയിലൂടെ ഭാവിയിലെ വരുമാനം ഉപയോഗപ്പെടുത്തി വൻകിട പദ്ധതികൾ നിലവിൽ തന്നെ പൂർത്തിയാക്കാൻ കിഫ്ബി വഴി സാധിക്കുന്നു. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇത്തരത്തിൽ സമാഹരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

​നികുതി ചോർച്ച തടയുന്നതിന് നിർമിത ബുദ്ധി (AI) പോലുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണം. റോഡിലെ വാഹന പരിശോധനകൾ ഒഴിവാക്കി ഡിജിറ്റലായി ചരക്ക് നീക്കം നിരീക്ഷിക്കുന്ന രീതിയിലേക്ക് മാറണം. പലിശ നിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക് നിലനിൽക്കുന്നിടത്തോളം കാലം കടം ഒരു ബാധ്യതയല്ല. 10 വർഷത്തിന് പകരം 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന ദീർഘകാല സാമ്പത്തിക മാതൃകകളാണ് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ആവശ്യമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.