പയ്യന്നൂർ ബോംബേറ് കേസ് സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ
പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ. നിഷാദിന് ഹൈക്കോടതി വീണ്ടും പരോൾ അനുവദിച്ചു. അച്ഛന്റെ ചികിത്സാർത്ഥമാണ് ഏഴ് ദിവസത്തെ പരോൾ.
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ. നിഷാദിന് വീണ്ടും പരോൾ. അച്ഛന്റെ ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയാണ് ഏഴ് ദിവസത്തെ പരോൾ അനുവദിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അപേക്ഷ നിരസിച്ചതിനെ തുടർന്നാണ് നിഷാദ് ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച മുതൽ പരോൾ കാലാവധി ആരംഭിക്കും.
നേരത്തെ ഒരു മാസം മാത്രം ജയിലിൽ കഴിഞ്ഞ നിഷാദിന് ഒരു മാസത്തോളം പരോൾ അനുവദിച്ചത് വലിയ വിവാദമായിരുന്നു. 2024 നവംബർ 25-നാണ് കോടതി നിഷാദിനെ ശിക്ഷിച്ചത്. എന്നാൽ ഒരു മാസം തികയുന്നതിന് മുൻപ് ഡിസംബർ 26-ന് ആദ്യ പരോൾ ലഭിച്ചു. തുടർന്ന് വിവിധ ഘട്ടങ്ങളിലായി ജനുവരി അവസാനം വരെ പരോൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. അച്ഛന്റെ ചികിത്സ തന്നെയാണ് അന്നും കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
വിവാദങ്ങളും പരോൾ ലംഘനവും
പരോളിലിറങ്ങിയ സമയത്ത് നിഷാദ് നിബന്ധനകൾ ലംഘിച്ച് രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തത് നേരത്തെ വാർത്തയായിരുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെതിരെയുള്ള പ്രതിഷേധ പരിപാടിയിലാണ് നിഷാദ് പങ്കെടുത്തത്. എന്നാൽ, പരോൾ വ്യവസ്ഥകൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ നിന്ന് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.
തിരഞ്ഞെടുപ്പ് വിജയവും സത്യപ്രതിജ്ഞയും
2025 ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിലിൽ കിടന്നാണ് നിഷാദ് മത്സരിച്ച് വിജയിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത് എന്നതിനാൽ മത്സരത്തിന് തടസ്സമുണ്ടായിരുന്നില്ല. എന്നാൽ 20 വർഷത്തെ കഠിനതടവ് ശിക്ഷിക്കപ്പെട്ടതിനാൽ ഇതുവരെ നിഷാദിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ സാധിച്ചിട്ടില്ല.

